ബോർഡിങ് പാസില്ലാതെ വിമാനത്താവള കാഴ്ചകൾ ആസ്വദിക്കാം

അബൂദബി: ബോർഡിങ് പാസില്ലാതെ സന്ദർശകർക്ക് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ ആസ്വദിക്കാൻ ‌ അവസരം. എട്ട് ആഴ്ച കാലത്തേക്കാണ് ഈ സൗകര്യം. വിമാനത്താവളത്തിനകത്തെ ചെറുകിട ഔട്ട്‌ലെറ്റുകൾ, ഡൈനിങ് ഓപ്ഷനുകൾ, ഒഴിവുസമയ അനുഭവങ്ങൾ എന്നിവ ആസ്വദിക്കാനാണ് അവസരം.

ഇതിനായി സന്ദർശകർ ഏതാനും നടപടിക്രമങ്ങൾ പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്യുന്നവർക്ക് പി.ഡി.എഫ് ഫോർമാറ്റിൽ ഉള്ള ഡിജിറ്റൽ സെക്യൂരിറ്റി പാസ് ലഭിക്കും. ചെക് പോയിന്‍റുകൾ, ഷോപ്പുകൾ, എക്സിറ്റ് പോയിന്‍റുകൾ എന്നിവിടങ്ങളിൽ ഈ പാസ് പരിശോധിക്കും. സന്ദർശനം പൂർത്തിയായാൽ പാസ് വിമാനത്താവളത്തിൽ തിരികെ ഏൽപ്പിക്കണം. പാസ് തിരികെ ഏല്പിക്കാത്തവരെ ഭാവിയിൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. അതേസമയം, സുരക്ഷാ നടപടികളുടെ ഭാഗമായി ലാപ് ടോപ്‌, ടാബ്‌ലറ്റ് എന്നിവയുടെ ഉപയോഗം വിലക്കിയിട്ടുണ്ട്.

യു.എ.ഇ ഐഡി ഉള്ള പൗരന്മാർക്കും താമസക്കാർക്കും ആണ് പാസ് അനുവദിക്കുക. 18 വയസ്സിന് താഴെയുള്ളവർ മുതിർന്ന വ്യക്തിയെ അനുഗമിക്കണം. മുൻകൂട്ടി അപ്പോയിന്‍റ്മെന്‍റുകൾ ആവശ്യമുള്ളതിനാൽ, ബുക്കിങ് സംവിധാനത്തിലൂടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. വിമാനത്താവളവുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെ മാത്രമേ അതേ ദിവസം തന്നെ മാറ്റങ്ങൾ സാധ്യമാകൂ, കൂടാതെ പുതിയ ഒരു എൻട്രി പാസ് അനുവദിക്കും. സന്ദർശകർ കുറഞ്ഞത് 200 ദിർഹം വിമാനത്താവളത്തിൽ ചെലവഴിക്കണം. വിമാനത്താവളത്തിൽ നാല് മണിക്കൂർ വരെ സൗജന്യ പാർക്കിങ് അനുവദിക്കും. എക്സിറ്റ് പോയിന്‍റുകളിലെ പേയ്‌മെന്‍റുകൾ പണരഹിതമാണെന്നും ബാങ്ക് കാർഡുകൾ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.

സന്ദർശകർക്ക് സാധാരണ പോലെ ഷോപ്പിങ് നടത്താനും ഭക്ഷണം കഴിക്കാനും കഴിയുമെങ്കിലും, സ്റ്റാൻഡേർഡ് വാറ്റ് നിരക്കുകൾ ബാധകമാണ്. ബോർഡിങ് പാസ് ഇല്ലാതെ പ്രവേശനം അനുവദിക്കുന്നതിനാൽ ഈ സംരംഭത്തിന് കീഴിൽ പുകയിലയുടെയും മദ്യത്തിന്‍റെയും വിൽപ്പന അനുവദനീയമല്ല.

Tags:    
News Summary - airport sightseeing without boarding pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.