ആരോഗ്യസുരക്ഷ; അൽ ജലീല ഫൗണ്ടേഷൻ സമാഹരിച്ചത് 43.5 കോടി

ദുബൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചികിത്സ സഹായം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വർഷം അൽ ജലീല ഫൗണ്ടേഷൻ സമാഹരിച്ചത് 43.5 കോടി ദിർഹം. പ്രധാന 13 ആരോഗ്യ സുരക്ഷ സംരംഭങ്ങളിലൂടെ കഴിഞ്ഞ വർഷം 9737 പേർക്ക് സഹായമെത്തിക്കാനും ഫൗണ്ടേഷന് കഴിഞ്ഞു. ദുബൈ ഹെൽത്തിനെ പിന്തുണക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അൽ ജലീല ഫൗണ്ടേഷൻ രോഗീ പരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, കമ്യൂണിറ്റി പ്രോഗ്രാമുകൾ എന്നിവയിലേക്ക് സ്ഥിരമായി സംഭാവനകൾ നൽകുന്ന സ്ഥാപനമാണ്. പാവപ്പെട്ട രോഗികൾക്ക് വിദഗ്ധ ചികിത്സയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക, ഭാവിയിലെ ആരോഗ്യ സംരക്ഷണ വിദഗ്ധരെ പിന്തുണക്കുക, വൈദ്യശാസ്ത്ര പരിജ്ഞാനം വർധിപ്പിക്കുക തുടങ്ങിയവയിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഫൗണ്ടേഷന്‍റെ പ്രവർത്തനം. സംഭാവന നൽകുന്നവരുടെയും വിവിധ പങ്കാളികളുടെയും വിശ്വാസ്യതയാണ് ഫൗണ്ടേഷന്‍റെ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് ചെയർപേഴ്സൺ ഡോ. രാജ ഈസ അൽ ഗുർഗ് വ്യക്തമാക്കി.

രോഗികളുടെ ചികിത്സയ്ക്ക് ധനസഹായം നൽകുന്നതിനും മുൻഗണനാ മേഖലകളിൽ ഗവേഷണം നടത്തുന്നതിനും വിദ്യാർഥികൾക്ക് പഠന അവസരങ്ങൾ വികസിപ്പിക്കുന്നതിനും സംഭാവനകൾ സഹായകമായതായും അവർ കൂട്ടിച്ചേർത്തു. ദാന സംസ്കാരം ശക്തിപ്പെടുത്തുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, ദീർഘകാല ആരോഗ്യരക്ഷ വികസനത്തെ പിന്തുണക്കുക എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനൊപ്പം ദാനധർമ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി.

ഫൗണ്ടേഷന്‍റെ വ്യത്യസ്ത സംരംഭങ്ങൾ വഴി 2025ൽ 4628 രോഗികൾക്കാണ് മെഡിക്കൽ പിന്തുണ ലഭിച്ചത്. കുട്ടികളുടെ ചികിത്സയെ സഹായിക്കുന്ന ‘ദ ചൈൽഡ് ഫണ്ട്’, രോഗികളെ പിന്തുണക്കാനുള്ള ‘ആഅുൻ’ എന്നീ സംരംഭങ്ങൾ ഇതിൽ ഉൾപ്പെടും. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ കൂടുതൽ ആളുകൾക്ക് അവശ്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യം. മെഡിക്കൽ രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 44 സ്കോളർഷിപ്പുകൾ, അർബുദം, അലർജി, പകർച്ചവ്യാധികൾ എന്നിവ പോലുള്ള മേഖലകളിൽ ഗവേഷണത്തിനായി 24 ഗ്രാൻഡുകൾ എന്നിവയും അനുവദിച്ചു. ഫൗണ്ടേഷന്‍റെ പിന്തുണയോടെ 15 പഠനങ്ങളാണ് പ്രസിദ്ധീകരിച്ചത്.

കൂടാതെ ഗവേഷകർക്കും ആരോഗ്യ സുരക്ഷ പ്രഫഷനലുകൾക്കും അറിവുകൾ പങ്കുവെക്കുന്നതിനായി നിരവധി സമ്മേളനങ്ങളും അവതരണങ്ങളും സംഘടിപ്പിച്ചു. കമ്യൂണിറ്റി പ്രോഗ്രാമുകൾ 6,041 പേരിലെത്തിക്കാനും കഴിഞ്ഞു. 2209 നിശ്ചയദാർഢ്യ കുട്ടികൾക്കും സഹായമെത്തിയിട്ടുണ്ട്. സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നത് മജ്ലിസ് അൽ അമൽ പരിപാടിയിൽ 300 അംഗങ്ങളെ ചേർക്കാൻ കഴിഞ്ഞതായും ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - health and safety; 43.5 crores collected by Al Jalila Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.