ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അബൂദബി മുഷ് രിഫിലെ ലുലു
ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്നു
അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അബൂദബി മുഷ് രിഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. വ്യാപാരനയം വിപുലമാക്കുന്നതിന്റെ ഭാഗമായി യു.എസ്, യു.കെ എന്നിവിടങ്ങളിലെ സന്ദർശനങ്ങൾക്ക് പിന്നാലെയാണ് ആന്തണി ആല്‍ബനീസ് യു.എ.ഇയിലെത്തിയത്. അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കും അദ്ദേഹം സന്ദർശിച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ലുലു ഹൈപ്പർമാർക്കറ്റ് നടന്നുകണ്ട പ്രധാനമന്ത്രി, വൈവിധ്യമാർന്ന ആസ്ട്രേലിയൻ ഉൽപന്നങ്ങളും കണ്ടറിഞ്ഞു.
സന്ദർശനത്തിനിടെ ആസ്ട്രേലിയയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ എം.എ. യൂസഫലിയെ അദ്ദേഹം പ്രത്യേകം ക്ഷണിച്ചു. കർഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിന്റെ സേവനം ഗുണമേകുമെന്ന് ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. ആസ്ട്രേലിയ - യു.എ.ഇ സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കുമെന്നും ആസ്ട്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യു.എ.ഇ മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആസ്ട്രേലിയയിൽനിന്നുള്ള മികച്ച ഉൽപന്നങ്ങളാണ് മിഡിൽ ഈസ്റ്റിലടക്കം ലുലു ലഭ്യമാക്കുന്നതെന്നും പ്രാദേശിക കർഷകർക്കും വിതരണകാർക്കും പിന്തുണ നൽകുക കൂടിയാണ് ലുലുവെന്നും എം.എ. യൂസഫലി പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് ആസ്ട്രേലിയയുമായി ലുലുവിനുള്ളത്.
മെൽബണിലുള്ള ഭക്ഷ്യസംസ്കരണകേന്ദ്രങ്ങൾ വഴി ഏറ്റവും മികച്ച പഴം, പക്കറി, ഇറച്ചി ഉൽപന്നങ്ങളാണ് മിഡിൽ ഈസ്റ്റിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് ലുലു എത്തിക്കുന്നത്. യു.എ.ഇയിലെ ആസ്ട്രേലിയൻ അംബാസഡർ റിദ്വാൻ ജാദ്വത്, ആസ്ട്രേലിയയിലെ യു.എ.ഇ അംബാസഡർ ഫഹദ് ഉബൈദ് മുഹമ്മദ്, ലുലു ഗ്രൂപ് ഡയറക്ടർ ആൻഡ് ചീഫ് സസ്റ്റൈനബിലിറ്റി ഒഫിസർ മുഹമ്മദ് അൽത്താഫ്, ഗ്ലോബൽ ഓപറേഷൻ ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ഡയറക്ടർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.