വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്...: മീറ്ററിൽ കൃത്രിമം കാണിച്ച് തട്ടിപ്പ്

ദുബൈ: ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കണം, ദുബൈയിൽ മീറ്ററിൽ കൃത്രിമം കാണിച്ച് തട്ടിപ്പ് വ്യാപകം. കൂടുതൽ കിലോമീറ്റർ ഓടിയ വാഹനങ്ങളുടെ ഓഡോമീറ്ററിൽ കിലോമീറ്റർ കുറച്ചു കാണിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. കിലോമീറ്റർ കുറയുന്നതോടെ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വ്യത്യാസമാണുണ്ടാകുന്നത്. മലയാളികൾ അടക്കം ഈ തട്ടിപ്പിന് ഇരയാണ്. അനായാസം ഈ കൃത്രിമം നടത്താൻ കഴിയുമെന്നതിനാൽ തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ട്.

അടുത്തിടെ അബൂദബിയിൽ സമാനമായ സംഭവം കോടതി കയറിയിരുന്നു. 65,000 കിലോമീറ്റർ ഓടിയെന്ന പരസ്യം കണ്ട് 1.15 ലക്ഷം ദിർഹമിനാണ് യുവതി കാർ വാങ്ങിയത്. എന്നാൽ, പിന്നീട് നടന്ന പരിശോധനയിലാണ് കാർ മൂന്ന് ലക്ഷം കിലോമീറ്റർ ഓടിയതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ഇവർ കോടതിയെ സമീപിച്ചു. കരാർ റദ്ദാക്കാനും വാങ്ങിയ തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടു. ഇതുപോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ തെളിവ് സഹിതം ഉടൻ കോടതിയെ സമീപിക്കണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

വാഹനം വാങ്ങി ആറ് മാസം വരെ ഇത്തരത്തിൽ കേസ് ഫയൽ ചെയ്യാൻ സമയമുണ്ട്. ആറ് മാസത്തിൽ കൂടുതൽ ഗാരന്‍റിയുണ്ടെങ്കിൽ, ഗാരന്‍റി കഴിയുന്നതിന് മുമ്പ് വരെ കേസ് നൽകാം. പണം തിരികെ ലഭിക്കുകയും ചെയ്യും. മൈലേജ് കൂടുതലുണ്ടെന്ന് കാണിച്ച് മീറ്ററിൽ കൃത്രിമം നടത്തിയും തട്ടിപ്പ് നടക്കുന്നുണ്ട്.

വാഹനത്തിന്‍റെ സർക്യൂട്ട് ബോർഡ് മാറ്റിയാണ് മീറ്ററിൽ കൃത്രിമം കാണിക്കുന്നത്. പ്രത്യേക ഉപകരണം ഉപയോഗിച്ചും കൃത്രിമം നടത്താം. യു.എ.ഇയിലെ വിവിധ വെരിഫൈഡ് കേന്ദ്രങ്ങളിൽ കാർ ചെക്കപ്പ് നടക്കുന്നുണ്ട്. ഇവിടങ്ങളിൽ കൊണ്ടുപോയി പരിശോധിച്ചാൽ വാഹനങ്ങളുടെ കിലോമീറ്റർ, മൈലേജ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ കഴിയും. മീറ്ററിൽ അനായാസം മാറ്റം വരുത്തുന്നതിന്‍റെ വിഡിയോ ബെർലിൻ ഓട്ടോ സർവിസ് സെന്‍റർ അവരുടെ സാമൂഹിക മാധ്യമ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് ഓൺലൈൻ ക്ലാസിഫൈഡ്സ് വെബ്സൈറ്റായ ഡുബിസിലും അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ മുമ്പ് സർവിസ് നടത്തിയതിന്‍റെ റെക്കോഡുകൾ പരിശോധിച്ച ശേഷമേ വാങ്ങാവൂ.


Tags:    
News Summary - Attention car buyers...: Fraud by tampering with the meter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.