അറേബ്യൻ ട്രാവൽ മാർക്കറ്റ് (ഫയൽ ചിത്രം)
ദുബൈ: യാത്രാസേവന മേഖലയിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കമാകും. എ.ടി.എമ്മിന്റെ 32ാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ഇത്തവണ ആകെ 166 രാജ്യങ്ങളിൽനിന്നായി 2,800 കമ്പനികളും 55,000 യാത്രാ സേവന പ്രഫഷനലുകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ഈ വർഷം പ്രദർശനത്തിനെത്തുന്ന കമ്പനികളിൽ 67 ശതമാനം അന്താരാഷ്ട്ര കമ്പനികളും 33 ശതമാനം മിഡിൽ ഈസ്റ്റിൽനിന്നുള്ള പ്രദർശകരുമാണ്. അന്താരാഷ്ട്രതലത്തിൽ എ.ടി.എമ്മിന് പ്രധാന്യം വർധിച്ചതാണ് കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ എത്തിച്ചേരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. ‘ആഗോള സഞ്ചാരം: മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ നാളത്തെ ടൂറിസം വികസിപ്പിക്കാം’ എന്ന പ്രമേയമാണ് ഇത്തവണ മേള സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ സംയോജിപ്പിച്ചതുമായ യാത്രാസേവന മേഖല കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച വിവിധ പരിപാടികൾ എ.ടി.എമ്മിൽ നടക്കും.
എ.ടി.എം കോൺഫറൻസ് മുതൽ നെറ്റ്വർക്കിങ് സെഷനുകൾവരെ മേളയിലെ വിവിധ സെഷനുകളിൽ ഇത് സംബന്ധിച്ച വിഷയങ്ങൾ ചർച്ചയാകും.പ്രദർശകരുടെ സാന്നിധ്യംകൊണ്ടും പങ്കാളിത്തത്തിലൂടെയും റെക്കോഡുകൾ തകർക്കാനുള്ള പാതയിലാണ് എ.ടി.എം 2025 എന്ന് മേളയുടെ മിഡിൽ ഈസ്റ്റ് എക്സിബിഷൻ ഡയറക്ടർ ഡാനിയേൽ കർട്ടിസ് പറഞ്ഞു.
എ.ടി.എമ്മിനോടുള്ള വർധിച്ചുവരുന്ന താൽപര്യം കണക്കിലെടുത്ത് ഈ വർഷം രണ്ട് ഹാളുകൾ കൂടി ചേർത്തിട്ടുണ്ട്. ഗ്ലോബൽ സ്റ്റേജ്, ഫ്യൂച്ചർ സ്റ്റേജ്, ബിസിനസ് ഇവന്റ്സ് സ്റ്റേജ് എന്നിങ്ങനെ മൂന്ന് ഡൈനാമിക് കണ്ടന്റ് സ്റ്റേജുകളിലായി എ.ടി.എം കോൺഫറൻസ് പ്രോഗ്രാം അവതരിപ്പിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.എ.ടി.എമ്മിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖല ഏഷ്യയാണ്. ഈ മേഖലയുടെ പങ്കാളിത്തം വർഷം തോറും 20 ശതമാനം വീതമാണ് വർധിക്കുന്നത്. ജപ്പാൻ, മക്കാവോ, മാലദ്വീപ്, മൗറീഷ്യസ്, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ രാജ്യങ്ങൾ എ.ടി.എമ്മിൽ പ്രദർശനത്തിനെത്തുണ്ട്.
ഗോവ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രാദേശിക ടൂറിസം ബോർഡുകൾ ഉൾപ്പെടെയുള്ള പ്രദർശകരും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള എയർലൈൻ കാരിയറുകളും മേളക്കെത്തുന്നുണ്ട്. മേയ് ഒന്ന് വ്യാഴാഴ്ചയാണ് മേള അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.