ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് - സാമൂഹിക പ്രവര്‍ത്തക റുമാ ദേവി
ദുബൈ: ഇന്ത്യയില്‍ വനിതകള്‍ക്ക് സമ്മാനിക്കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ നാരിശക്തി പുരസ്കാര ജേതാവും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയുമായ റുമാ ദേവിയുമായി സഹകരിച്ച് രാജസ്ഥാനിലെ ബാര്‍മറിലെ ഗ്രാമീണ ജനതക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ വളന്റിയേഴ്സും പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് അറിയിച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ പങ്കാളിത്തത്തിലൂടെ ബാര്‍മര്‍ ജില്ലയിലെ ഗ്രാമീണ ജനതയ്ക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. സ്ത്രീ ശാക്തീകരണ ഉദ്യമങ്ങള്‍ ആരംഭിക്കുന്നതിനും ആസ്റ്റര്‍ വളന്റിയേഴ്സ് റുമാ ദേവിയുമായി സഹകരിക്കും.
മൊബൈല്‍ ക്ലിനിക്, ബാര്‍മറിലെ ഗ്രാമങ്ങളില്‍ പ്രാഥമിക ആരോഗ്യ പരിശോധന, മെഡിക്കല്‍ നേത്ര പരിശോധന, ആരോഗ്യ വിദ്യാഭ്യാസം, പരിശീലനം എന്നിവ നടപ്പാക്കും. കുട്ടികള്‍ക്കുള്ള വാക്സിനേഷന്, ശുചിത്വം, ശരീരഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കല്‍, വിവിധ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവക്കു പുറമെ കുടുംബാംഗങ്ങളുടെ ആരോഗ്യ പരിചരണത്തില്‍ ശ്രദ്ധിക്കാനും അവരെ പഠിപ്പിക്കും. ഗ്രാമീണ സ്ത്രീകള്‍ക്ക് സ്വന്തമായി ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കുന്ന നൈപുണ്യവികസന പരിശീലനവും ഇതിനുശേഷം തുടരും. ഗ്രാമീണ കരകൗശല വിദഗ്ധരായ സ്ത്രീകള്‍ക്ക് അവരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കാനും ഉല്പന്നങ്ങള് വിപണനം ചെയ്യാനും ഈ ഉദ്യമങ്ങള്‍ പിന്തുണ നല്‍കും.
സ്ത്രീകളെ കൂടുതല്‍ ബോധവത്കരിക്കാനും അതുവഴി അവരെയും കുടുംബത്തെയും നന്നായി പരിപാലിക്കാന്‍ പ്രാപ്തയാക്കാനും ഇത്തരം ഉദ്യമങ്ങള്‍ ഉപകരിക്കുമെന്ന് അലീഷ മൂപ്പന് പറഞ്ഞു. ഗ്രാമീണ കുടുംബങ്ങളിലെ സ്ത്രീകളുടെ ആരോഗ്യം അവഗണിക്കപ്പെട്ട നിലയിലാണ്. സ്വന്തം ആരോഗ്യത്തിന് പ്രത്യേകിച്ച് പരിഗണനയൊന്നും നല്‍കേണ്ടതില്ലെന്ന ധാരണ അവരുടെ മനസ്സില്‍ ഉറച്ചുപോയിട്ടുണ്ട്. 59 ശതമാനം സ്ത്രീ തൊഴിലാളികളുള്ള സ്ഥാപനമെന്ന നിലയില്‍ സ്ത്രീകളുടെ ശാക്തീകരണം ആരംഭിക്കേണ്ടത് അവരുടെ സ്വന്തം ആരോഗ്യം കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിലൂടെയാണെന്ന് ആസ്റ്റർ വിശ്വസിക്കുന്നു. അതിലൂടെ അവര്‍ക്ക് സ്വയം അഭിവൃദ്ധി പ്രാപിക്കാനും കുടുംബങ്ങള്‍ക്ക് മികച്ച രീതിയില്‍ പിന്തുണ നല്‍കാനും സാധിക്കുമെന്നും അലീഷ മൂപ്പന് കൂട്ടിച്ചേര്‍ത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.