ഗൾഫ് മേഖലയിലെ ആദ്യത്തെ അടുത്ത തലമുറയിൽപ്പെട്ട ഒ.സി.ടി ഹാർട്ട് ഇമേജിങ്​ സാങ്കേതികവിദ്യക്ക്​ തുടക്കം കുറിച്ച ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂലിലെ ഡോ. നവീദ് അഹമ്മദും സംഘവും

ഹാർട്ട് ഇമേജിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ദുബൈ ആസ്റ്റർ

ദുബൈ: അടുത്ത തലമുറയിൽപ്പെട്ട ഹാർട്ട് ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യത്തെ ആശുപത്രിയായി ദുബൈയിലെ ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ. വിവോലൈറ്റ് വികസിപ്പിച്ചെടുത്ത കോർണാരിസ് (CORNARIS) P80/P80-E ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി പ്ലാറ്റ്‌ഫോമാണ് ആശുപത്രിയിൽ വിജയകരമായി പ്രവർത്തനം ആരംഭിച്ചത്.

പരമ്പരാഗത ആൻജിയോഗ്രഫിയിൽ നിന്ന് വ്യത്യസ്തമായി, നിയർ-ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ച് ഹൃദയധമനികൾക്കുള്ളിലെ അതിവിശദമായ ചിത്രങ്ങളും തടസ്സങ്ങളുടെ വ്യാപ്തിയും ഉയർന്ന കൃത്യതയോടെ തത്സമയം കാണാൻ ഇത് ഡോക്ടർമാരെ സഹായിക്കുന്നു.

സെക്കൻഡുകൾക്കുള്ളിൽ ധമനികളുടെ സമഗ്രമായ സ്കാനുകൾ ലഭ്യമാക്കാൻ ഈ പുതിയ 3-ഇൻ-1 സിസ്റ്റത്തിന് സാധിക്കും. വ്യത്യസ്ത ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഫുൾ വ്യൂ, ഹൈ-ഡെഫനിഷൻ, സൂപ്പർ-ഫാസ്റ്റ് എന്നിങ്ങനെ വിവിധ മോഡുകൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

വിപണിയിൽ ലഭ്യമായ ഏറ്റവും വേഗതയേറിയ മോഡിലൂടെ വെറും ഒരുസെക്കന്റിൽ 40 മില്ലീമീറ്റർ വരെ സ്കാൻ ചെയ്യാൻ കഴിയും. കുറഞ്ഞ അപകടസാധ്യതയുള്ള പെർക്യുട്ടേനിയസ് കൊറോണറി ഇന്റർവെൻഷൻ (PCI) ചികിത്സകളിലാണ് ഈ സാങ്കേതികവിദ്യ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.

ദുബൈ നിവാസിയായ 52 വയസ്സുകാരനിലാണ് ഈ അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആദ്യമായി വിജയകരമായി ചികിത്സ നടത്തിയത്. രക്തസമ്മർദവും ഉയർന്ന കൊളസ്ട്രോളും പ്രമേഹവുമുള്ള ഇദ്ദേഹത്തിന് സങ്കീർണമായ കൊറോണറി ബ്ലോക്ക് കണ്ടെത്തുകയും, ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി സ്റ്റെന്റും ഡ്രഗ് പൊതിഞ്ഞ ബലൂണും ഉപയോഗിച്ച് രക്തയോട്ടം സാധാരണ നിലയിലാക്കുകയും ചെയ്തു. വിജയകരമായ ചികിത്സക്കുശേഷം രോഗി പൂർണ ആരോഗ്യവാനായി തുടരുന്നു.

യു.എ.ഇയിലെ മൊത്തം മരണങ്ങളിൽ ഏകദേശം 40 ശതമാനവും ഹൃദ്രോഗങ്ങൾ മൂലമാണ്. ഇത്തരം സാധാരണ ആൻജിയോഗ്രാഫിയേക്കാൾ കൂടുതൽ കൃത്യത നൽകുന്ന ഒ.സി.ടി വഴി ഹൃദയസംബന്ധമായ മരണനിരക്ക് 39 മുതൽ 46 ശതമാനം വരെ കുറക്കാനാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സങ്കീർണമായ ഹൃദയചികിത്സകളിൽ ഉയർന്ന കൃത്യത ഉറപ്പാക്കാനും രോഗികൾക്ക് ആഗോള നിലവാരമുള്ള മികച്ച പരിചരണം നൽകാനുമാണ് ആസ്റ്റർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Aster Dubai introduces heart imaging technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.