Asia Cup
ദുബൈ: എഷ്യകപ്പ് 2025 ക്രിക്കറ്റ് ടൂർണമെൻറിലെ മത്സരങ്ങളുടെ വേദിയും സമയക്രമവും പുറത്തുവിട്ട് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. സെപ്റ്റംബർ 9മുതൽ 28വരെ അരങ്ങേറുന്ന മൽസരങ്ങളിൽ 11എണ്ണം ദുബൈയിലും എട്ടെണ്ണം അബൂദബിയിലുമാണ് അരങ്ങേറുന്നത്. ആകെ 19 മത്സരങ്ങളിൽ സെപ്റ്റംബർ 15ന് അരങ്ങേറുന്ന യു.എ.ഇ-ഒമാൻ മത്സരമൊഴികെയുള്ളവ വൈകുന്നേരം 6.30നാണ് ആരംഭിക്കുക. യു.എ.ഇ-ഒമാൻ മത്സരം വൈകുന്നേരം 4ന് ആരംഭിക്കുമെന്നും അധികൃതർ ശനിയാഴ്ച പുറത്തുവിട്ട സമയക്രമത്തിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 9ലെ ആദ്യ മത്സരം അബൂദബിയിൽ അഫ്ഗാനിസ്താനും ഹോങ്ഗോങും തമ്മിലാണ്. രണ്ടാം ദിവസം സെപ്റ്റംബർ 10നാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയുമായി നടക്കുന്ന മത്സരത്തിന് ദുബൈയാണ് വേദിയാകുന്നത്. ആരാധകർ വളരെ പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം സെപ്റ്റംബർ 14ന് ദുബൈയിലാണ് അരങ്ങേറുന്നത്. ഏഷ്യാകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ വെള്ളിയാഴ്ച വൈകുന്നേരം 5മണി മുതൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
അബൂദബിയിൽ നടക്കുന്ന മത്സരങ്ങൾക്ക് 40ദിർഹമും ദുബൈയിൽ നടക്കുന്ന മത്സരങ്ങൾക്ക് 50ദിർഹമും മുതലാണ് ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിലാണ് ടിക്കറ്റുകൾ നിലവിൽ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ ദുബൈ ഇൻറർനാഷണൽ സ്റ്റേഡിയത്തിലെയും അബൂദബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ടിക്കറ്റ് ഓഫീസുകളിലും ലഭ്യമായിത്തുടങ്ങും.
നേരത്തെ ഓൺലൈനിൽ മത്സരങ്ങളുടെ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുകയും ജാഗ്രത പാലിക്കണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത്തരം വ്യാജ ടിക്കറ്റുമായി എത്തുന്ന കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ആരാധകർ ജാഗ്രത പാലിക്കണമെന്നും എ.സി.സി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.