അറബി പായ്ക്കപ്പല്‍ മേഡ് ഇന്‍ അജ്​മാന്‍

നൂറ്റാണ്ടുകളായി അറബ് ലോകമെമ്പാടുമുള്ള വ്യാപാരത്തിലും വാണിജ്യത്തിലും തടി കൊണ്ടുള്ള പായക്കപ്പലുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ തന്നെ വ്യാപാര പ്രിയരായ അറബികളുടെ സംസ്​കാരവുമായി പായ്​കപ്പലുകള്‍ക്ക് അഭേദ്യ ബന്ധമുണ്ട്. ലോകത്തിലെ ഏറ്റവും സജീവമായ അറബി പായ്ക്കപ്പല്‍ നിർമ്മാണ കേന്ദ്രമാണ് അജ്​മാന്‍. തികച്ചും പരമ്പരാഗത രീതിയിൽ പായ്ക്കപ്പല്‍ നിർമ്മിക്കുന്നത് കാണുന്നതിന് ഇവിടെ സഞ്ചാരികളുമെത്തുന്നു. അറബ് പ്രാചീനകാലം മുതൽ പരമ്പരാഗത ഉപകരണങ്ങളും തലമുറകളിലൂടെ കൈമാറി കിട്ടിയ കരകൗശല വൈദഗ്​ധ്യവും ഉപയോഗിച്ചാണ് ഇവിടെ നിർമാണം. ലോകത്തിലെ ഏറ്റവും വലിയ ബോട്ട് നിർമ്മാണ യാർഡ്​ എന്ന ഖ്യാതിയും ഈ കേന്ദ്രത്തിനുണ്ട്.

ഒരു സമയം മുപ്പതിലധികം ബോട്ടുകൾ നിർമ്മിക്കാൻ ഇവിടെ സൗകര്യമുണ്ട്​. ബോട്ടുകളുടെ പുറംഭാഗം ഇപ്പോൾ പ്രധാനമായും മരത്തിന് പകരം ഫൈബർഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. എന്നിരുന്നാലും കപ്പലുടല്‍, കൊടിമരം തുടങ്ങിയ ഭാഗങ്ങള്‍ മരം കൊണ്ടു തന്നെ. ദുബൈ പവർ ബോട്ട് മീറ്റിൽ പങ്കെടുക്കുന്ന ബോട്ടുകളും ഇവിടെ നിര്‍മ്മിക്കുന്നു. 1960 കൾ വരെ ഈ കപ്പലുകൾ ഗൾഫിലെ ഒഴിച്ചുകൂടാനാവാത്ത യാത്രോപാധിയായിരുന്നു. ഈത്തപ്പഴം, മുത്തുകൾ, മത്സ്യം, മറ്റ് സാധനങ്ങൾ എന്നിവയുടെ ചരക്കുകൾ വഹിച്ചുകൊണ്ട് ഈ കപ്പലുകള്‍ ഗണ്യമായ ദൂരം സഞ്ചരിച്ചിരുന്നു. ഇപ്പോഴും യു.എ.ഇ ജീവിതത്തിന്‍റെ ഭാഗമാണിവ. ദുബൈയിലെയും മറ്റ് എമിറേറ്റുകളിലെയും ഡിന്നർ ക്രൂയിസ്, ചരക്ക്, പാസഞ്ചർ കപ്പലുകൾ എന്നിവയ്ക്കായി ധാരാളം പായക്കപ്പലുകള്‍ ഇന്നും ഉപയോഗിക്കുന്നു. പരമ്പരാഗത പായ്ക്കപ്പലുകളുടെ ലഘുരൂപവും ഇവിടെ നിര്‍മ്മിച്ച്‌ നല്‍കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.