അബൂദബി: യു.എ.ഇ ദേശീയ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇന്ത്യൻ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ അബൂദബി ശൈഖ് സായിദ് ഫെസ്റ്റിവലിൽ എത്തും. നവംബർ 29ന് ഒരുക്കുന്ന സംഗീത വിരുന്നിൽ യു.എ.ഇയുടെ ഐക്യം, സഹവർത്തിത്വം, പ്രതിരോധശേഷി, പ്രത്യാശ എന്നീ മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന പുതിയ സംഗീത ആൽബം അദ്ദേഹം പുറത്തിറക്കും. രാത്രി 9.30ന് നടക്കുന്ന സംഗീത പരിപാടിക്കുശേഷം 10 മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാവും. ബുർജീൽ ഹോൾഡിങ്സാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.
റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങുന്നതാണ് ‘ജമാൽ അൽ ഇത്തിഹാദ്’. രണ്ടുതവണ ഓസ്കർ, ഗ്രാമി അവാർഡുകൾ നേടിയ റഹ്മാൻ തന്റെ ടീമിനൊപ്പം ആദ്യമായി ഈ ഗാനം ലൈവായി അവതരിപ്പിക്കും. വൈവിധ്യമാർന്ന കലാപരമായ ശൈലികൾ സന്ദർശകർക്ക് സമ്മാനിക്കുന്നതോടൊപ്പം ബാൻഡ് പെർഫോമൻസുകളും സാംസ്കാരിക നൃത്തങ്ങളും ഉണ്ടായിരിക്കും. റഹ്മാന്റെ പ്ലാറ്റ്ഫോമുകളിൽ ഗാനം ഡിജിറ്റലായി പുറത്തിറങ്ങുന്നതോടെ ഈ വർഷത്തെ ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായിരിക്കും ഈ പരിപാടി. ലയാലി അൽ വത്ബ തിയറ്ററിൽ പരിപാടി സൗജന്യമായി ആസ്വദിക്കാം. ശൈഖ് സായിദ് ഫെസ്റ്റിവലിലേക്കുള്ള പൊതു പ്രവേശനത്തിന് 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.