യു.എ.ഇ പ്രതിനിധി ഐക്യരാഷ്ട്രസഭയിലെ തീവ്രവാദ വിരുദ്ധ വാരാചരണച്ചടങ്ങിൽ സംസാരിക്കുന്നു
ദുബൈ: അസഹിഷ്ണുതയും തീവ്രവാദവും തടയുന്നതിന് കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് യു.എ.ഇ അഭ്യർഥിച്ചു. ഐക്യരാഷ്ട്രസഭയിലെ തീവ്രവാദവിരുദ്ധ വാരാചരണ ചടങ്ങിലാണ് യു.എ.ഇ പ്രതിനിധിയായി പങ്കെടുത്ത വിദേശകാര്യ മന്ത്രാലയം ഉപദേശകൻ സലീം അൽ സആബി നിലപാട് വ്യക്തമാക്കിയത്. തീവ്രവാദ വിരുദ്ധ നിലപാടുകൾ സംബന്ധിച്ച സംവാദത്തിൽ സലീം അൽ സആബി യു.എ.ഇയുടെ പ്രസ്താവന അവതരിപ്പിച്ചു. യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
തീവ്രവാദം സങ്കീർണവും ബഹുമുഖങ്ങളുള്ളതുമായ ആഗോള പ്രതിഭാസമാണ്. മതങ്ങളെയും സംസ്കാരങ്ങളെയും രാജ്യാതിർത്തികളെയും മറികടക്കുന്ന ഇതിനെതിരെ ഏറ്റവും ഫലപ്രദമായ നടപടികളാണുണ്ടാകേണ്ടത് -അൽ സആബി ആവശ്യപ്പെട്ടു. യു.എ.ഇ പ്രതിനിധിസംഘവും ന്യൂയോർക്കിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡർ ലന നുസൈബയും മറ്റ് യു.എൻ അംഗരാജ്യങ്ങളുമായും അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ പങ്കാളികളുമായും നിർണായകമായ തീവ്രവാദവിരുദ്ധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി.
‘സഹിഷ്ണുതയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും’ എന്ന വിഷയത്തിൽ യു.എ.ഇയും യു.കെയും ചേർന്ന് തയാറാക്കിയ പ്രമേയം യു.എൻ സുരക്ഷാകൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചതായി അൽ സആബി പ്രസ്താവനയിൽ പറഞ്ഞു. വിദ്വേഷപ്രസംഗം, വംശീയത, തീവ്രവാദം എന്നിവ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിനും വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് വ്യക്തമാക്കുന്നതാണ് പ്രമേയം. ഡിജിറ്റൽ സങ്കേതങ്ങൾ തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചക്ക് ഇന്ത്യക്കൊപ്പം യു.എ.ഇ നേതൃത്വം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.