ദുബൈ: മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ പാഠ്യപദ്ധതിയിൽ പുതിയ വിഷയംകൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച് യു.എ.ഇ. ‘സുരക്ഷ, സംരക്ഷണം’ എന്ന പേരിലാണ് പ്രൈമറി, സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയിൽ പുതിയ വിഷയംകൂടി ഉൾപ്പെടുത്തുക.അബൂദബിയിൽ വ്യാഴാഴ്ച സമാപിച്ച സർക്കാറിന്റെ വാർഷിക യോഗത്തിൽ ദേശീയ മ
യക്കുമരുന്ന് വിരുദ്ധ ഏജൻസി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മയക്കുമരുന്ന് കടത്തിനെതിരെ നടപടി ശക്തമാക്കുന്നതിനായി ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ രൂപവത്കരിച്ചതാണ് ദേശീയ മയക്കുമരുന്ന് വിരുദ്ധ ഏജൻസി. ഏത് അധ്യയന വർഷം മുതലാണ് സ്കൂൾ പാഠ്യപദ്ധതിയിൽ പുതിയ വിഷയം ഉൾപ്പെടുത്തുകയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
അതേസമയം, മയക്കുമരുന്നിനും ലഹരി ആസക്തിക്കുമെതിരായ നടപടികൾ ഏകീകരിക്കുന്നതിൽ പുതിയ വഴിത്തിരിവാണ് ലഹരി വിരുദ്ധ ഏജൻസിയുടെ രൂപവത്കരണമെന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചിരുന്നത്. മയക്കുമരുന്ന് പ്രതിരോധം, സാമൂഹിക അവബോധം സൃഷ്ടിക്കൽ തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുള്ള നിരവധി കാമ്പയിനുകൾ മയക്കുമരുന്ന് വിരുദ്ധ ഏജൻസി അവതരിപ്പിക്കും.
യുവാക്കൾ ഉൾപ്പെടെ എല്ലാ പ്രായക്കാരെയും ലക്ഷ്യംവെച്ചായിരിക്കും കാമ്പയിനുകൾ നടത്തുക.മയക്കുമരുന്നിന്റെ അപകടത്തിൽനിന്ന് സമൂഹത്തിന്റെ സംരക്ഷണം, പുരധിവാസം, പ്രതിരോധം എന്നിവക്കായുള്ള സംയോജിത ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയെന്നതാണ് കാമ്പയിനുകളുടെ അന്തിമമായ ലക്ഷ്യം. ഓൺലൈൻ വഴിയുള്ള മയക്കുമരുന്ന് പ്രമോഷനെതിരായ നടപടികളിലൂടെ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 2297 വെബ്സൈറ്റുകൾ കണ്ടെത്തുകയും റദ്ദാക്കുകയും ചെയ്തതായി ശൈഖ് സായിദ് ബിൻ ഹമദ് ആൽ നഹ്യാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.