ഉമ്മുൽ ഖുവൈനിൽ കണ്ടെത്തിയ പുരാതന ക്രൈസ്തവ ആശ്രമം
ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിലെ അൽ സിന്നിയ ദ്വീപിൽ പുരാവസ്തു ഗവേഷകർ പുരാതന ക്രൈസ്തവ ആശ്രമം കണ്ടെത്തി. എമിറേറ്റ്സ് ടൂറിസം ആൻഡ് ആർക്കിയോളജി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 6-8 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നതാണെന്ന് കരുതുന്നു.
പള്ളി, ഡൈനിങ് ഹാൾ, ജലസംഭരണികൾ, സന്യാസിമാർക്കുള്ള സെല്ലുകൾ എന്നിവ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. റേഡിയോ കാർബൺ പരിശോധനയും സൈറ്റിൽനിന്ന് കുഴിച്ചെടുത്ത മൺപാത്രങ്ങളുടെ പരിശോധനയും സൂചിപ്പിക്കുന്നത് ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിൽ ക്രൈസ്തവ സമൂഹം ഇവിടെയുണ്ടായിരുന്നു എന്നാണ്.
കടൽത്തീരത്തെ പാറകൾ കൊണ്ടാണ് ആശ്രമം നിർമിച്ചിരിക്കുന്നത്. ചുവരുകളും നിലകളും ഒരുതരം കുമ്മായം കൊണ്ട് മൂടിയിരുന്നു. പ്രദേശത്തെ ഏക പള്ളിയായിരിക്കാം ഇത്. ദിവസത്തിൽ ഏഴുതവണ പ്രാർഥന നടന്നിരുന്നതായി കരുതുന്നു. ബലിപീഠവും വീഞ്ഞു കലർത്താൻ ഉപയോഗിച്ചതായി കരുതുന്ന പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ആറാം നൂറ്റാണ്ട് മുതൽ സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് നിലനിന്നിരുന്ന സന്യാസ സമൂഹവുമായി ഇവിടെയുണ്ടായിരുന്ന സന്യാസികൾക്ക് താരതമ്യമുണ്ട്.
ഇവിടെ താമസിച്ചിരുന്നവർ തന്നെ നിർമിച്ചതാണ് ഈ മന്ദിരം, സന്ദർശകർ പണിതതല്ല. ഈ സ്ഥലം അക്രമം നടത്തി കീഴ്പെടുത്തിയതല്ല. അക്രമത്തിന്റെയോ കത്തിച്ചതിന്റെയോ ഒരു ലക്ഷണവുമില്ല. ഉപേക്ഷിക്കപ്പെട്ടതിനാൽ നശിച്ചതാണ്. ക്രൈസ്തവ-ഇസ്ലാം മതങ്ങൾ ഒരുമിച്ച് നിലനിന്നിരുന്ന കാലത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണിത്. അറേബ്യയിൽ അഭിവൃദ്ധി പ്രാപിച്ച ക്രിസ്ത്യൻ ജനതയെ കുറിച്ചുള്ള കണ്ടെത്തലുകൾക്കും ഇത് വഴിതെളിക്കും.
ഉമ്മുൽ ഖുവൈൻ ഉപദ്വീപിനും ഗൾഫ് തീരത്തിനും ഇടയിലാണ് അൽ സിന്നിയ സ്ഥിതി ചെയ്യുന്നത്. കൈവിരലുകളുടെ ആകൃതിയിൽ നിലകൊള്ളുന്ന അൽ സിന്നിയ്യയുടെ ചുറ്റുപാടുകൾ ആയിരം വർഷങ്ങളായി നിലകൊള്ളുന്ന അധിനിവേശത്തിന്റെ തെളിവുകളാണ്. യു.എ.ഇയിൽ കണ്ടെത്തുന്ന രണ്ടാമത്തെ ആശ്രമമാണിത്. 1990കളുടെ തുടക്കത്തിൽ അബൂദബി സർ ബനിയാസ് ഐലൻഡിലും കണ്ടെത്തിയിരുന്നു. അറേബ്യൻ തീരത്ത് ആകെ ആറ് പുരാതന ആശ്രമങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉമ്മുൽ ഖുവൈനിലേത് അപൂർവം കണ്ടെത്തലാണെന്ന് യു.എ.ഇ യൂനിവേഴ്സിറ്റി പ്രഫസർ ടിം പവർ പറഞ്ഞു. അറബ് ചരിത്രത്തിൽ നഷ്ടമായ ഏടുകൾ കൂട്ടിച്ചേർക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മുൽ ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി വകുപ്പ്, ന്യൂയോർക് യൂനിവേഴ്സിറ്റിയിലെ ആൻഷ്യന്റ് വേൾഡ് സ്റ്റഡി ഇൻസ്റ്റിറ്റ്യൂട്ട്, ഉമ്മുൽഖുവൈനിലെ ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ എന്നിവ നടത്തുന്ന സിന്നിയ ആർക്കിയോളജി പ്രോജക്ടിന്റെ ഭാഗമായാണ് കണ്ടെത്തൽ. യു.എ.ഇ സാംസ്കാരിക-യുവജന മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഗവേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.