ഷാർജ: വിപുലമായ സൗകര്യങ്ങളും ഒട്ടനവധി കൗതുകങ്ങളുമുൾക്കൊള്ളിച്ച് മനോഹരമാക്കിയ അൽ മൊൻതാസ അമ്യൂസ്മെൻറ് വാട്ടർ പാർക്ക് സന്ദർശകരെ സ്വീകരിക്കാൻ തയ്യാറാവുന്നു. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളിലുൾക്കൊള്ളിച്ച് 60 ലേറെ പുതുമയുള്ള റൈഡുകളും കളിസ്ഥലങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പത്തു കോടി ദിർഹത്തിലേറെ ചെലവിട്ട് നവീകരിച്ചതോടെ ദിവസേന ഏഴായിരം അതിഥികളെ വാട്ടർ പാർക്കിലും പതിനായിരം സന്ദർശകരെ അമ്യൂസ്മെൻറ് പാർക്കിലും സ്വീകരിക്കാനാകുമെന്ന് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) സി.ഇ.ഒ അഹ്മദ് ഉബൈദ് അൽ ഖസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2014 ൽ ആരംഭിച്ചതു മുതൽ സഞ്ചാരികൾക്ക് പ്രിയങ്കരമായ പാർക്ക് അതിനൂതനവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഉല്ലാസ അനുഭവങ്ങളോടെ ഫെബ്രുവരിയിൽ തുറന്നു കൊടുക്കും. അമ്യൂസ്മെൻറ് പാർക്ക് 2018െൻറ രണ്ടാം പാദത്തിലാണ് തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നവീകരിച്ച പാർക്കിൽ പേൾസ് കിങ്ഡം,െഎലൻറ് ഒഫ് ലജൻറ്സ് എന്നിങ്ങനെ രണ്ടു സുപ്രധാന ആകർഷണീയതകളുണ്ടാവുമെന്ന് അൽ മൊൻതാസ മാനേജർ ഖാലിദ് ഇബ്രാഹിം അൽ ഖസീർ പറഞ്ഞു. അമൂല്യ രത്നങ്ങളുടെ രാജകുമാരിയുടെയും സാമ്രാജ്യത്തിെൻറയും കഥയിലൂടെയാണ് പേൾസ് കിങ്ഡം തയ്യാറാക്കിയിരിക്കുന്നത്. 35 പുത്തൻ റൈഡുകൾ, 200 പേർക്ക് ഒരേ സമയം ആസ്വദിക്കാവുന്ന വേവ് പൂൾ, സ്ളൈഡ് ടവർ എന്നിവ ഇതിലുണ്ടാവും. ഒപ്പം കുട്ടികൾക്കായി പ്രത്യേക കളിയിടവും. ഏറ്റവും മികച്ച, പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും ജീവനക്കാരും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മെഡിക്കൽ ടീമും സന്ദർശകരുടെ പരിരക്ഷക്കായുണ്ടാവും.
പ്രാചീന ഗ്രീസിലേയും ചൈനയിലേയും ഇതിഹാസങ്ങളുൾപ്പെടെ ഒമ്പത് ലോക സംസ്കൃതികൾ ഉൾക്കൊള്ളിച്ചതാണ് െഎലൻറ് ഒഫ് ലജൻറ്സ് എന്ന അമ്യൂസ്മെൻറ് പാർക്ക്. യൂറോപ്പിലേയും വടക്കൻ അമേരിക്കയിലേയും മുൻനിര നിർമാതാക്കൾ തയ്യാറാക്കിയ 26 പുത്തൻ റൈഡുകളാണ് ഇവിടെയുണ്ടാവുക. ഒമ്പതു രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടി യാത്ര കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിക്കും.
ആയിരക്കണക്കിന് സന്ദർശകർക്ക് ഒരേ സമയം ഉപയോഗപ്പെടുത്താവുന്ന ഭക്ഷണശാലകളും പാർക്കിലുണ്ടാവും. എല്ലാ ആഴ്ചയിലും തുറന്ന സ്റ്റേജിൽ വിനോദങ്ങൾക്കും വർഷം തോറും രണ്ട് സുപ്രധാന പരിപാടികൾക്കും മൊൻതാസ വേദിയാവും.ഷാർജയുടെ വിനോദ സഞ്ചാര ആകർഷണീയതക്ക് കൂടുതൽ മിഴിവു പകരാൻ പാർക്ക് വിപുലീകരണം കൊണ്ട് സാധിക്കുമെന്നും ഷുരൂഖ് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. മുപ്പതു ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നൽകുന്നതിനും പുതിയ സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.