ദുബൈ: ഏവരും പ്രതീക്ഷപൂർവം കാത്തിരിക്കുന്ന ആൽ മക്തൂം വിമാനത്താവള പദ്ധതിക്ക് കരാറുകൾ നൽകിത്തുടങ്ങി. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലുതാകുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്താവളത്തിനുള്ള കരാറുകൾ നൽകുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമാണ് വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒരു വർഷം മുമ്പ് പദ്ധതിക്ക് അംഗീകാരം നൽകിയതോടെ പ്രവർത്തനം തുടങ്ങിയതായാണ് വ്യക്തമാക്കിയിരിക്കുന്നത്.
നിർമാണം പൂർത്തിയാകുന്നതോടെ 26 കോടി യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ഓപറേഷനുകളും 128 ശതകോടി ദിർഹം ചെലവിട്ട് നിർമിക്കുന്ന പുതിയ എയർപോർട്ടിലേക്ക് മാറും. നിർമാണം പൂർത്തിയാക്കി 10 വർഷത്തിനുള്ളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.
400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉൾക്കൊള്ളുന്ന വിമാനത്താവളം 70 സ്ക്വയർ കി.ലോമീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് ശേഷിയാണ് ഇതിനുണ്ടാവുക. വ്യോമയാന മേഖലയിൽ മുമ്പൊന്നും ഉപയോഗിച്ചിട്ടില്ലാത്ത നൂതനമായ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഉപയോഗിക്കുകയെന്നും നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്.
ദുബൈയിലെ വ്യോമയാന മേഖല അടുത്ത 40 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന വളർച്ചക്ക് കളമൊരുക്കുന്നതായിരിക്കും പുതിയ വിമാനത്താവളം. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ്, ഫ്ലൈദുബൈ എന്നിവയുടെയും ദുബൈയെ ലോകവുമായി ബന്ധിപ്പിക്കുന്ന മറ്റു വിമാനക്കമ്പനികളുടെയും ഭാവികേന്ദ്രമായിരിക്കുമിത്.
2024-25 എമിറേറ്റ്സ് ഗ്രൂപ്പിന് മറ്റൊരു റെക്കോഡ് വർഷമായിരിക്കുമെന്ന് എമിറേറ്റ്സ് എയർലൈനിന്റെയും ഗ്രൂപ്പിന്റെയും ചീഫ് എക്സിക്യൂട്ടിവും ചെയർമാനും കൂടിയായ ശൈഖ് അഹ്മദ് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 1870 കോടി ദിർഹം ലാഭവുമായി എമിറേറ്റ്സ് ഗ്രൂപ് റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.