‘ഗുഡ്‌നെസ് ബസ്’ സംരംഭത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു
ദുബൈ: നഗരത്തിന്‍റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികൾക്ക് റമദാനിൽ കൈത്താങ്ങായി ‘ഗുഡ്‌നെസ് ബസ്’ (നന്മയുടെ ബസ്) വീണ്ടും നിരത്തുകളിൽ. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ (ജി.ഡി.ആർ.എഫ്.എ) നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതാണ് പദ്ധതി.
ബൈത്തുൽ ഖൈർ സൊസൈറ്റി, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ജീവകാരുണ്യ സംരംഭം നടപ്പിലാക്കുന്നത്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് ഇഫ്താർ കിറ്റുകൾ കൈമാറുന്നത്. അൽഖൂസ്, വർസാൻ, ജബൽ അലി, ദുബൈ ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക് (ഡി.ഐ.പി), മുഹൈസിന, അൽ തായ് തുടങ്ങി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രധാന ലേബർ ക്യാമ്പ് മേഖലകളിലാണ് ‘നന്മയുടെ ബസ്’ പര്യടനം നടത്തുന്നത്.
ഓരോ ദിവസവും നിശ്ചിത സമയക്രമത്തിൽ ഇവിടെയെത്തുന്ന ബസിൽ നിന്ന് ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. റമദാനിന്‍റെ പുണ്യമാസത്തിൽ സഹാനുഭൂതി, പങ്കുവെയ്ക്കൽ, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഈ റമദാനിൽ... നൽകാം, പങ്കിടാം, സേവിക്കാം’ എന്ന സന്ദേശവുമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചാണ് ഗുഡ്‌നെസ് ബസ് മുന്നോട്ട് പോകുന്നത്. മുൻ വർഷങ്ങളിലും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.