ഷാർജ: നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം മുവൈലയിലെ ഫാമിലി പാർക്ക് മാർച്ച് 12ന് തുറക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. സമൂഹ മാധ്യമ എകൗണ്ടിലൂടെ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഹരിതയിടങ്ങളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 24 മുതൽ പാർക്ക് താൽകാലികമായി അടച്ചിരുന്നു. ഈ പ്രവൃത്തികളാണ് പൂർത്തിയായി
വരുന്നത്. ജനങ്ങൾക്കായി എമിറേറ്റിലെ പൊതു സ്ഥലങ്ങൾ വർധിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പാർക്ക് നവീകരണം പൂർത്തിയാക്കി അതിവേഗത്തിൽ വീണ്ടും തുറക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിലുടനീളമുള്ള ഹരിതയിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനും പഴയ സ്ഥലങ്ങൾ ആധുനികവത്കരിക്കാനും ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് കീഴിൽ പഴയ ജില്ലകൾ പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾക്ക് ഷാർജ മുനിസിപ്പാലിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. നിലവിൽ അൽ ഖാദിസിയയിൽ പണികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.