യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ച്​​​ ദു​ബൈ ടാക്സി

ദുബൈ: എമിറേറ്റിൽ ടാക്സി യാത്രക്കാരുടെ എണ്ണം ഓരോ വർഷവും കുതിച്ചുയരുകയാണ്​. കഴിഞ്ഞ വർഷം ദുബൈയിലെ ടാക്സി, ലിമോസിൻ കാറുകൾ ഉപയോഗിച്ചത്​ 20.9 കോടി പേരാണ്​. വാഹനങ്ങളുടെ ആധുനികവത്​കരണത്തിലും സേവന ഗുണനിലവാരത്തിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്​.

വിവിധ ആപ്ലിക്കേഷനുകൾ, ഓൺലൈൻ വെബ്​സൈറ്റുകൾ എന്നിവ വഴി ടാക്സി ബുക്ക്​ ചെയ്യുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്​ 45 ശതമാനം വർധനവാണെന്ന്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പ്ലാനിങ്​ ആൻഡ്​ ബിസിനസ്​ ഡവലപ്​മെന്‍റ്​ ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു. 2024ലിനെ അപേക്ഷിച്ച്​ 13 ശതമാനമാണ്​ വളർച്ച. ടാക്സികൾ ബുക്ക്​ ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളിൽ നിന്ന്​ ഡിജിറ്റൽ ബുക്കിങ്​ മാർഗങ്ങളിലേക്ക്​ മാറാനുള്ള ദുബൈയുടെ തന്ത്രത്തിന്‍റെ വിജയമാണ്​​ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024ൽ ടാക്സി ഉപഭോക്​താക്കളു​ടെ എണ്ണം 20.65 കോടിയായിരുന്നു. കഴിഞ്ഞ വർഷം അത്​ 4.2 ശതമാനം വർധിച്ച്​ 20.9 കോടിയായി വർധിച്ചു. ടാക്സി ട്രിപ്പുകളുടെ എണ്ണത്തിൽ 2024ലിനെ അപേക്ഷിച്ച്​ 4.2 ശതമാനം വർധിച്ച്​ 12.1 കോടിയായി. 2024ൽ മൊത്തം ടാക്സി ട്രിപ്പുകളുടെ എണ്ണം 11.53 കോടിയായിരുന്നു.

2025ൽ വാഹനങ്ങളുടെ എണ്ണം തൊട്ടുമുമ്പുള്ള വർഷ​ത്തേക്കാൾ ആറു ശതമാനം വർധിപ്പിച്ചിരുന്നു. ഇന്ന്​ മൊത്തം വാഹനങ്ങളിൽ 90 ശതമാനവും ഹൈ​ബ്രിഡോ ഇലക്​ട്രിക്കോ ആണ്​. 2040 ഓടെ 100 ശതമാനം ടാക്സികളും ഇലക്​ട്രിക്​ മോഡിലേക്ക്​ മാറാനുള്ള കൃത്യമായ പ്ലാനിങ്ങിന്‍റെ ഭാഗമാണിത്​. ദുബൈ നെറ്റ്​ സീറോ കാർബൺ എമിഷൻ സ്​ട്രാറ്റജി 2050നോട്​ ചേർന്നുനിൽക്കുന്നതാണീ തീരുമാനമെന്നും അദ്ദേഹം വ്യക്​തമാക്കി. യാത്രക്കാർക്ക്​ മികച്ച യാത്രാ അനുഭവം സമ്മാനിക്കുന്നതിനായി ലെതർ സീറ്റിങ്​, ഫ്രഷ്​നറുകൾ, ഡിജിറ്റൽ റൂഫ്​ ലൈറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ​സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്​. കാണാതായ വാഹനങ്ങൾ കണ്ടെത്തുന്നതിന്​ നൂതനമായ നിർമിത ബുദ്ധി പിന്തുണയിലുള്ള സംവിധാനമാണ്​ ഉപയോഗിക്കുന്നത്​. ഇത്​ ഡ്രൈവർമാരുടെ സുരക്ഷ മാർഗനിർദശേങ്ങൾ ശക്​തിപ്പെടുത്തുന്നു.

ലിമോസിൻ മേഖലയിൽ കഴിഞ്ഞ വർഷം ട്രിപ്പുകളുടെ എണ്ണം 25 ശതമാനം വർധിച്ച്​ 32.8 ദശലക്ഷത്തിൽ 41 ദശലക്ഷമായി ഉയർന്നു. യാത്രക്കാരുടെ എണ്ണം 71.4 ദശലക്ഷമാണ്​. 35 ലിമോസിൻ കമ്പനികളിലായി ഏതാണ്ട്​ 25,00 വാഹനങ്ങളാണ്​ സർവിസ്​ നടത്തിയത്​.

Tags:    
News Summary - Dubai taxis see surge in passenger numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.