അബൂദബി: അൽദഫ്ര മേഖലയിൽ അൽബറഖ ആണവോർജ നിലയത്തിന്റെ മൂന്നാം യൂനിറ്റിന് ആണവ റെഗുലേഷൻ ഫെഡറൽ അതോറിറ്റി പ്രവർത്തനാനുമതി നൽകി. നിലയത്തിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന നവാഹ എനർജി കമ്പനിക്കാണ് മൂന്നാം യൂനിറ്റ് പ്രവർത്തന ലൈസൻസ് അനുവദിച്ചതെന്ന് അതോറിറ്റി ഡെപ്യൂട്ടി ചെയർമാൻ ഹമദ് അൽകഅബി പറഞ്ഞു.
മേഖലയിൽ ആണവോർജ നിലയം പ്രവർത്തിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാവുന്നതിലൂടെ യു.എ.ഇയുടെ മറ്റൊരു ചരിത്രനിമിഷമാണിത്. രാജ്യത്തിന്റെ ഭാവി ഊർജമെന്ന നിലയിൽ ആണവോർജ പദ്ധതി നടപ്പാക്കാനുള്ള യു.എ.ഇ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിലാണ് ഈ നാഴികകല്ല് കൈവരിച്ചതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 60 വർഷത്തേക്കാണ് നിലയത്തിന് പ്രവർത്തന ലൈസൻസ് അനുവദിച്ചതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ക്രിസ്റ്റർ വിക്ടേഴ്സൻ വ്യക്തമാക്കി.
നിലയത്തിലെ മൂന്നാം യൂനിറ്റ് പ്രവർത്തനസജ്ജമാണെന്ന് ഉറപ്പിക്കാനാവശ്യമായ എല്ലാവിധ പരിശോധനകളും നടത്തി. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിലയത്തിൽ 120ലേറെ പരിശോധനകളും നടത്തി.
ഇതിനുശേഷമാണ് നിലയത്തിന് പ്രവർത്തന ലൈസൻസ് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.