ദുബൈ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർഇന്ത്യ ദുബൈ, ഷാർജ സർവിസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് മലബാർ പ്രവാസി(യു.എ.ഇ)യുടെ ആഭിമുഖ്യത്തിൽ എയർ ഇന്ത്യ ആസ്ഥാനത്തേക്കും കേന്ദ്ര വ്യോമയാന- വിദേശകാര്യ മന്ത്രാലയത്തിലേക്കും പാർലമെൻറ് അംഗങ്ങൾക്കും നിവേദനങ്ങൾ അയച്ചു. ഇ-മെയിൽ നിവേദനങ്ങൾ അയക്കുന്നതിന്റെ ഉദ്ഘാടനം ദുബൈയിൽ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നിർവഹിച്ചു. കോഴിക്കോട് വിമാനത്താവളത്തിലേക്ക് എയർഇന്ത്യ സർവിസുകൾ നിർത്തലാക്കിയത് മലബാർ മേഖലയിലെ പ്രവാസി യാത്രക്കാർക്ക് വിനയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത്യാഹിത ഘട്ടങ്ങളിൽ സ്ട്രെച്ചർ(എയർ ആംബുലൻസിങ്) യാത്രക്ക് സൗകര്യമുണ്ടായിരുന്ന വിമാനങ്ങളാണ് ഇല്ലാതായിരിക്കുന്നത്.
കേരളത്തിന്റെ വടക്കൻ മേഖലയിലുള്ളവർ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ തിരുവന്തപുരത്തേക്കോ മംഗളൂരുവിലേക്കോ യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്. വിമാനം നിർത്തലാക്കുന്നതോടെ പ്രയാസമില്ലാതെ ഒന്നിൽ കൂടുതൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അവസരവും ഇല്ലാതെയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമേഖലയിൽ രാജ്യത്ത് ഏറെ ലാഭകരമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ പഴയകാല പ്രതാപത്തിലേക്കു കൊണ്ടുവരണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മലബാർ പ്രവാസി(യു.എ.ഇ) പ്രസിഡന്റ് ജമീൽ ലത്തീഫ് പറഞ്ഞു. ഈദ് ആഘോഷത്തിനൊപ്പം വേനലവധി കൂടിവരുന്നതോടെ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ യാത്രാക്ലേശം ഏറുകയാണെന്നും വിമാനങ്ങൾ നിർത്തലാക്കുന്നത് ഹജ്ജ് ക്യാമ്പ് പുനഃസ്ഥാപിക്കപ്പെടുമെന്ന സ്വപ്നങ്ങൾക്ക് മങ്ങലേൽപിക്കുന്നതായും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് മലബാർ പ്രവാസി(യു.എ.ഇ) സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് പറഞ്ഞു.
മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, ഡോ. ബാബു റഫീഖ്, സലിംനൂർ, ഹാരിസ് നരിക്കുനി, ബി.എ. നാസർ, അസീസ് തോലേരി, മൊയ്തു കുറ്റ്യാടി, റാഷീദ് കിഴക്കയിൽ, നൗഷാദ് ഫറോക്, ജിജു വടകര, സുനിൽ പയ്യോളി, ബഷീർ മേപ്പയൂർ, ഹാഷിം കൊയിലാണ്ടി, സന്തോഷ് മടാരി, റഊഫ് പുതിയങ്ങാടി, പ്രയാഗ് പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. രാജൻ കൊളാവിപാലം സ്വാഗതവും മലയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.