ദുബൈ: കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാന സർവിസ് അവസാനിപ്പിച്ചതോടെ കിടപ്പുരോഗികളെ നാട്ടിലെത്തിക്കാൻ കഴിയാത്തതിനെ തുടർന്ന് പ്രവാസി സംഘടനകളുയർത്തിയ പ്രതിഷേധം ഫലം കണ്ടു. ഒന്നര മാസത്തിന് ശേഷം കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ 320 വിമാനത്തിൽ രോഗിയെ നാട്ടിലെത്തിച്ചു. തിരുവനന്തപുരം മുളക്കളത്തുകാവ് സ്വദേശി അശോകൻ അജീഷിനെയാണ് നാട്ടിലെത്തിച്ചത്. ശരീരം തളർന്ന അവസ്ഥയിലായിരുന്ന അശോകനെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ ഇടപെടലിനെ തുടർന്നാണ് നാട്ടിലേക്ക് അയച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് അശോകനെ എത്തിച്ചത്. കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തിയതിനാൽ കൊച്ചിയിലെത്തിച്ച ശേഷം റോഡ് മാർഗമാണ് കോഴിക്കോട്ട് എത്തിച്ചത്. തളർന്നു വീണ അശോകൻ ദിവസങ്ങളായി ചികിത്സയിലായിരുന്നു. നാട്ടിലെത്തിക്കാൻ ശ്രമം നടന്നെങ്കിലും വിമാനമാർഗം ലഭ്യമല്ലാത്തതിനാൽ വൈകുകയായിരുന്നു. ബ്ലൂ ഡോട്ട് എയർ ആംബുലൻസ് ജീവനക്കാരൻ നിധീഷും അശോകനൊപ്പം നാട്ടിലെത്തി.
സ്ട്രെച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ തുടർചികിത്സ മുടങ്ങുന്നത് പ്രവാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുടർന്ന് ഏപ്രിൽ 19ന് എയർ ഇന്ത്യ സി.ഇ.ഒ ക്യാപ്ബെൽ വിൽസണ് നോർക്ക സി.ഇ.ഒ കത്തയച്ചിരുന്നു. കേരള സെക്ടറിലേക്ക് സ്ട്രെക്ചർ സൗകര്യമുളള വിമാനങ്ങൾ പരിഗണിക്കാൻ നെറ്റ് വർക്ക് പ്ലാനിങ് ടീമിന് നിർദേശം നൽകുമെന്ന് ക്യാപ്ബെൽ വിൽസൺ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പുറമെ, ഗോ ഫസ്റ്റ് ആദ്യമായി രോഗിയെ കേരളത്തിൽ എത്തിക്കുകയും ചെയ്തു. ഇതോടെയാണ് എയർഇന്ത്യയുടെ കൊച്ചി വിമാനത്തിൽ കിടപ്പുരോഗിയെ നാട്ടിലേക്ക് അയക്കാൻ തയാറായത്.
നിർധനരായവരെ കോൺസുലേറ്റിന്റെ സഹായത്തോടെ എയർ ഇന്ത്യയിൽ നാട്ടിലേക്ക് അയക്കുന്നതായിരുന്നു പതിവ്. എന്നാൽ, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ സർവിസ് നിർത്തിയതോടെ ഈ സംവിധാനം നിലച്ച അവസ്ഥയിലായി. കൊച്ചിയിലേക്കുള്ള വലിയ എയർ ഇന്ത്യ വിമാനത്തിന് പകരം ചെറിയ വിമാനം ഏർപ്പെടുത്തിയതോടെ ഈ വഴിയും അടഞ്ഞു. ചെറിയ വിമാനത്തിൽ കൊണ്ടുപോകാൻ കഴിയില്ല എന്നായിരുന്നു എയർ ഇന്ത്യയുടെ നിലപാട്. എന്നാൽ, ആവശ്യം ശക്തമായതോടെയാണ് എയർ ഇന്ത്യ സ്ട്രെച്ചർ രോഗിയെ നാട്ടിലെത്തിച്ചത്.
ശാശ്വത പരിഹാരമല്ല
കൊച്ചിയിലേക്ക് ഒരു രോഗിയെ കൊണ്ടുപോകാൻ എയർ ഇന്ത്യ തയാറായെങ്കിലും ഇത് കിടപ്പുരോഗികളുടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ല. കേരളത്തിലേക്ക് എയർ ഇന്ത്യയുടെ കൂടുതൽ വലിയ വിമാനങ്ങൾ സർവിസ് നടത്തുകയോ എയർ ഇന്ത്യ എക്സ്പ്രസിൽ സ്ട്രെച്ചർ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എത്തിക്കേണ്ട രോഗികൾക്കും കൊച്ചിയിലെത്തി റോഡ് മാർഗം സഞ്ചരിക്കേണ്ട അവസ്ഥ നിലവിലുണ്ട്.
ഗുരുതരാവസ്ഥയിലായ രോഗികളെ മണിക്കൂറുകളോളം ആംബുലൻസിൽ റോഡ് മാർഗം കൊണ്ടുപോകുന്നത് അവരുടെ ആരോഗ്യാവസ്ഥയെ ബാധിക്കും. നിർധന രോഗികൾക്ക് ഇതിനായി വലിയ ചെലവും വരുന്നുണ്ട്.
ഗോ ഫസ്റ്റ് എയർലൈൻ ആദ്യമായി കേരളത്തിലേക്ക് കിടപ്പ് രോഗിയെ എത്തിച്ചത് പ്രതീക്ഷയോടെയാണ് കാണുന്നത്. എയർ ഇന്ത്യ വഴി നാട്ടിലെത്തിക്കാൻ മൂന്ന് തവണ അപേക്ഷ നൽകിയിട്ടും നിരാകരിക്കപ്പെട്ട രോഗിയെയാണ് ഗോ ഫസ്റ്റ് വഴി കൊണ്ടുപോയത്. മറ്റ് ഇന്ത്യൻ കമ്പനികളും സ്ട്രെച്ചർ സൗകര്യമേർപ്പെടുത്തുന്നത് പ്രവാസികൾക്ക് ഉപകാരപ്പെടും. എയർ ഇന്ത്യയും ഈ സേവനം തുടർന്നാൽ മാത്രമെ നിരക്കുയരാതെ പിടിച്ചുനിർത്താൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.