യു.എ.ഇയിൽ സ്കൂളുകൾ 20ന്​ തുറക്കും: ബസ്​ സർവിസ്​ ഇല്ല

ദുബൈ: മേഖലയിൽ സംഘർഷത്തിന്​ അയവ്​ വന്നതോടെ രാജ്യത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്​ തിരിച്ചെത്തുന്നു. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസ്​ പഠനം പുനരാരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു.

എല്ലാ എമിറേറ്റുകൾക്കും നിർദേശം ബാധകമാണ്​. ആവശ്യമെങ്കിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക്​ നേരിട്ടുള്ള ക്ലാസ്​ പഠനവും ഓൺലൈൻ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ്​ രീതിയും സ്വീകരിക്കാം.

പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ ഒരു ഇടവേളക്ക്​ ശേഷം വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, സ്കൂൾ ബസുകൾ താൽകാലികമായി സർവിസ്​ ആരംഭിക്കില്ലെന്ന്​​ മന്ത്രാലയം അറിയിച്ചു. ഓരോ എമിറേറ്റിലെയും ട്രാൻസ്പോർട്ട് അതോറിറ്റികൾ, മുനിസിപ്പാലിറ്റികൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാനാണ് സ്കൂൾ ബസ് സേവനം വൈകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾ തൽകാലത്തേക്ക് ബദൽ സൗകര്യങ്ങൾ ഒരുക്കണം.

വരുന്ന ആഴ്ചകളിൽ സ്ഥിതിഗതികൾ വിലയിരുത്തി സ്കൂൾ ബസുകൾ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരം മന്ത്രാലയം പിന്നീട് അറിയിക്കും. യു.എ.ഇയിലെ സർക്കാർ സ്കൂളുകൾ ബസ് സർവീസ് മുടങ്ങുന്ന കാലയളവിൽ ട്രാൻസ്പോർട്ട് ഫീസ് ഈടാക്കില്ല. സ്വകാര്യ സ്കൂളുകളുടെ കാര്യത്തിൽ വിവിധ എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോറിറ്റികളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് സ്കൂളുകൾ ഓൺലൈനിലേക്ക് പഠനം മാറിയത്. കുട്ടികളുടെ സുരക്ഷ പരിഗണിച്ചായിരുന്നു നീക്കം. ഏകദേശം ഒരു മാസമായി പഠനം ഓണ്‍ലൈനിലാണ്. സംഘർഷത്തിന് അയവു വന്നതോടെയാണ് വീണ്ടും നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നത്. ക്ലാസുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ സ്കൂളുകളിൽ തുടങ്ങിക്കഴിഞ്ഞു.

Tags:    
News Summary - Schools in the UAE to open on the 20th: No bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.