ദുബൈയിലെ ആദ്യ എയർടാക്സി സ്റ്റേഷന്‍റെ നിർമാണം വിലയിരുത്താനെത്തുന്ന ശൈഖ് ഹംദാനെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ
ദുബൈ: ലോകത്തെ ആദ്യ എയർടാക്സി സ്റ്റേഷൻ ദുബൈയിൽ പ്രവർത്തന സജ്ജമായി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ആദ്യ വെർട്ടിപോർട്ട് പ്രവർത്തനസജ്ജമായത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡൗൺടൗൺ, പാംജുമൈറ, മറീന സ്റ്റേഷനുകൾ ഈവർഷം നിർമാണം പൂർത്തിയാക്കുമെന്ന് ദുബൈ ശൈഖ് ഹംദാൻ പറഞ്ഞു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നാലുനിലകളിലായാണ് ലോകത്തിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ പ്രവർത്തന സജ്ജമായത്. സ്റ്റേഷന്‍റെ നിർമാണ പുരോഗതിയും ശൈഖ് ഹംദാൻ വിലയിരുത്തി. വെള്ളിയാഴ്ച ആദ്യമായി ആഗോള പൊതുഗതാഗത ദിനം ആചരിക്കാനിരിക്കേയാണ് പുതിയ പ്രഖ്യാപനം. സ്കൈപോർട്സ് കമ്പനിയുമായി ചേർന്നാണ് 3100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.
വർഷം 1,70,000 എയർ ടാക്സി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഇതിന് ശേഷിയുണ്ട്. എയർടാക്സികൾക്ക് പറന്നുയരാനും, ഇറങ്ങാനും ഇവിടെ രണ്ട് വെർട്ടിപോർട്ടുകളുണ്ടാകും.രണ്ട് നിലകളിൽ യാത്രക്കാർക്ക് വാഹനപാർക്കിങിന് സൗകര്യമൊരുക്കും. ജോബി ഏവിയേഷനാണ് എയർടാക്സി സർവീസുകൾ കൈകാര്യം ചെയ്യുക. ഡൗൺടൗൺ ദുബൈ, പാംജുമൈറ, ദുബൈ മറീന എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ കൂടി സജ്ജമാകുന്നതോടെ ഈവർഷം അവസാനം ദുബൈയിൽ എയർടാക്സി സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാകും. ദുബൈ വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്ക് നിലവിൽ 45 മിനിറ്റ് വേണ്ടി വരുന്ന യാത്രാസമയം എയർടാക്സികൾ പത്ത് മിനിറ്റായി കുറക്കുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.