ജി.ഡി.ആർ.എഫ് പുറത്തിറക്കിയ ബ്രോഷർ
ദുബൈ: വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മുന്നറിയിപ്പുമായി താമസ കുടിയേറ്റ വകുപ്പ് (ജ.ഡി.ആർ.എഫ്.എ). സൈബർ തട്ടിപ്പുകൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ, അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അപരിചിതരുമായി ആശയവിനിമയം ഒഴിവാക്കുകയും തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്കും ലിങ്കുകൾക്കും പ്രതികരിക്കാതിരിക്കണമെന്നും ജി.ഡി.ആർ.എഫ്.എ നിർദേശിച്ചു. നിരന്തരം ബോധവത്കരണം നടത്തിയിട്ടും ചിലർ ഇപ്പോഴും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
സർക്കാരിന്‍റെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഔദ്യോഗിക മാർഗങ്ങൾ മാത്രമേ ആശ്രയിക്കാവൂ. ജി.ഡി.ആർ.എഫ്.എ സേവനങ്ങൾക്ക് www.gdrfadubai.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ്, GDRFA DXB, Dubai Now എന്നീ അംഗീകൃത സ്മാർട്ട് ആപ്പുകൾ, കൂടാതെ @gdrfadubai എന്ന ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ മാത്രമേ സേവനങ്ങൾ ഉപയോഗിക്കാവൂ എന്നും വ്യക്തമാക്കി.
ഇതിനിടെ, വ്യാജ കോളുകളും സന്ദേശങ്ങളും വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനവും ജനറൽ ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുന്നവർക്ക് ‘അമർ’ സൈബർ സുരക്ഷ റിപ്പോർട്ടിങ് സേവനം വഴി പരാതി നൽകാം.
ഇതിനായി ടോൾഫ്രീ നമ്പറായ 8005111 ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും, വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ജി.ഡി.ആർ.എഫ്.എ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.