‘വാഴ 2’ ചിത്രത്തിലെ ‘ബെന്നി ബ്രോ’യുടെ സഹമുറിയൻമാരായി അഭിനയിച്ച പ്രവാസി കലാകാരൻമാർ
അജ്മാന്‍: പുതുമുഖങ്ങളായ യുവ താര നിര അണിനിരന്ന പുതിയ മലയാള ചലചിത്രമായ ‘വാഴ 2’ ബോക്സോഫിസിൽ തകർത്താടുമ്പോൾ യു.എ.ഇയിലെ പ്രവാസി മലയാളികൾക്കും അഭിമാനിക്കാം. ചിത്രത്തിലെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരില്‍ ചിലർ യു.എ.ഇയിലെ പ്രവാസി മലയാളികളായ കലാരാന്മാരാണ്. മലയാള സിനിമയിലെ നിത്യവസന്തം രവീന്ദ്രനാണ് ‘വാഴ 2’ എന്ന ചിത്രത്തിലെ ‘ബെന്നി ബ്രോ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
നാടും വീടും വിട്ട് മണലാരണ്യത്തിലെത്തുന്ന ഓരോ പ്രവാസിക്കും തന്‍റെ റൂമിലുണ്ടാകുന്ന ആഘോഷത്തിന്‍റെയും ആശ്വാസത്തിന്‍റെയും പ്രതീകമാണ് സിനിമയിലെ ബെന്നി ബ്രോ. ബെന്നി ബ്രോയുടെ സഹമുറിയന്മാരായി എത്തുന്നത് യു.എ.ഇയിലെ കലാകാരന്മാരായ സുമേഷ് ബാലകൃഷ്ണൻ, സത്യൻ കാലിച്ചാംപൊതി, സുബ്രമണ്യം, എ.വി മധു, രഗിനേഷ് മട്ടന്നൂർ എന്നിവരാണ്. മാമുക്കോയ എന്ന കഥാപാത്രത്തെ അവരിപ്പിച്ച സുമേഷ് ബാലകൃഷ്ണൻ പയ്യന്നൂർ തായിനേരി സ്വദേശിയാണ്. മോഹൻലാൽ ‘തുടരും’ എന്ന ചിത്രത്തിലെ കോർട്ട് സീനിൽ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം.
പതിനഞ്ചോളം ഷോർട്ട് ഫിലിമുകളിൽ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്കിബിടി എന്ന ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയാണ്. മൊട്ട മൂർത്തി എന്ന കഥാപാത്രമാണ് സത്യൻ കാലിച്ചാംപൊതി അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിൽ മടിക്കൈ സ്വദേശി ആണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷിലും അഭിയനയിച്ചിരുന്നു. സ്വന്തമായി കഥ, തിരക്കഥ, സംവിധാനം ചെയ്ത ഏതാനും മ്യൂസിക്ക് ആൽബങ്ങളും, ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. നെടുമുടിവേണു പുരസ്കാരവും സത്യജിത് റേ അവാർഡും ലഭിച്ചിട്ടുണ്ട്. സുശീലൻ എന്ന കഥാപാത്രത്തെ അവരിപ്പിച്ച സുബ്രമണ്യം തിരുവനന്തപുരം കഴക്കൂട്ടം സദേശിയാണ്. മറ്റൊരു സിനിമയുടെ അണിയറയിലും പ്രവർത്തിക്കുന്നു. ചില ഹ്രസ്വ ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിട്ടുണ്ട്. സിനിമാതാരം സേതുലക്ഷ്മിയമ്മയോടൊപ്പം അഭിനയിച്ച ഷോര്‍ട്ട് ഫിലിം പ്രദർശനത്തിനായി തയാറെടുക്കുകയാണ്. ബാബു എന്ന കഥാപാത്രത്തെ അവരിപ്പിച്ച എ.വി മധു കാസർഗോഡ് സ്വദേശിയാണ്.
കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തെ അവരിപ്പിച്ച രഗിനേഷ് കണ്ണോത്ത് മട്ടന്നൂർ തെരൂർ സ്വദേശിയാണ്. 2024ൽ ജിസ് ജോയ് സംവിധാനം ചെയ്ത ‘തലവൻ’ എന്ന ചിത്രത്തിലും, ജിത്തു ജോസഫ് സിനിമ മിറാഷിലും ചെറിയ വേഷം ചെയ്തു. 2011 മുതൽ യു.എ.ഇ യിൽ കലാരംഗത്തുണ്ട്. മുപ്പതോളം ഷോർട് ഫിലിം, നാല് ആൽബം, രണ്ട് ടെലി ഫിലിമുകളുടെ ഭാഗമായി മേക്കപ്പ്, ആർട്ട് ഡയറക്ടർ, സഹ സംവിധാനം എന്നീ മേഖല കൈകാര്യം ചെയ്തിട്ടുണ്ട്. പത്തോളം ഷോർട് ഫിലിമിലും ഒരു വെബ് സീരീസിലും ഒരു ആൽബത്തിലും അഭിനയിച്ചു. മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ് രഗിനേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.