ഏഷ്യൻ കപ്പിന് മുന്നോടിയായി അബൂദബിയിൽ നടന്ന പരിശീലനത്തിൽ ടീം മാനേജർ പൗളോ ബെന്റോ കളിക്കാർക്ക് നിർദേശങ്ങൾ നൽകുന്നു (ഫയൽ ചിത്രം)
ദുബൈ: ഏഷ്യൻ കപ്പിൽ ആദ്യ അങ്കത്തിനായി യു.എ.ഇ ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ് സിയിലെ പോരാട്ടത്തിന് മറുവശത്ത് ഹോങ്കോങ് ബൂട്ടണിയും. ഖത്തർ അൽ റയ്യാനിലെ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് പോരാട്ടം. യു.എ.ഇ സമയം വൈകീട്ട് 6.30 നാണ് മത്സരം.
കഴിഞ്ഞ രണ്ട് ടൂർണമെന്റിലും സെമിഫൈനലിസ്റ്റുകളായ യു.എ.ഇക്ക് ഹോങ്കോങ് വലിയ എതിരാളികളല്ലെങ്കിലും മികച്ച വിജയം നേടി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നതാണ് മാനേജർ പൗളോ ബെന്റോയുടെ തന്ത്രം.
മുൻ ചാമ്പ്യന്മാരായ ഇറാനുമായാണ് യു.എ.ഇയുടെ അടുത്ത മത്സരം. ഹോങ്കോങ്ങിനെതിരെ വിജയം അനിവാര്യമാണെന്നും അതുവഴി ടീമിന് ആത്മവിശ്വാസം വർധിക്കുമെന്നും ഇത് ഇറാനുമായുള്ള മത്സരത്തിൽ ഗുണകരമാവുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ. പൗളോ ബെന്റോ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ മേജർ ടൂർണമെന്റ് കൂടിയാണിത്. ആ നിലക്ക് പൗളോയെ സംബന്ധിച്ച് ഓരോ മാച്ചുകളും നിർണായകവുമാണ്.
പരിചയ സമ്പന്നരായ വൻ താര നിരയാണ് ഇത്തവണയും യു.എ.ഇയുടെ കരുത്ത്. അതേസമയം, 19കാരനായ സ്ട്രൈക്കർ സുൽത്താൻ ആദിൽ ഉൾപ്പെടെയുള്ള യുവതാരങ്ങളും ടീമിൽ ഇടംനേടിയിട്ടുണ്ട്. യുവാക്കൾക്ക് മികച്ച അവസരം നൽകാനാണ് താൻ തീരുമാനിച്ചതെന്നും പ്രതീക്ഷക്കൊത്ത് അവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിലെ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള ടീമാണ് ഹോങ്കോങ്. കഴിഞ്ഞ നാല് ടൂർണമെന്റുകളിലും ഒരു മത്സരംപോലും വിജയിക്കാതെയായിരുന്നു ഹോങ്കോങ്ങിന്റെ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.