ദുബൈ: സാമൂഹിക മാധ്യമങ്ങൾ വഴി പ്രമോഷനൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർ പ്രത്യേക അനുമതി നേടണമെന്ന് യു.എ.ഇ മീഡിയ കൗൺസിൽ. ‘അഡ്വടൈസർ പെർമിറ്റ്’ എന്ന പേരിലാണ് പ്രത്യേക അനുമതി സംവിധാനം പ്രഖ്യാപിച്ചിട്ടുള്ളത്. പണം വാങ്ങിയുള്ള ഉള്ളടക്കമാണെങ്കിലും അല്ലെങ്കിലും ഈ അനുമതി നേടിയിരിക്കണം.
മാധ്യമ രംഗത്തെ വളരെ വേഗത്തിലുള്ള മാറ്റത്തിന് അനുസരിച്ച് നിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പെർമിറ്റ് ഏർപ്പെടുത്തിയത്. സമൂഹത്തിന്‍റെയും ഇൻഫ്ലുവൻസർമാരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് സംരംഭത്തിന്‍റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളിൽ പെർമിറ്റ് നിലവിൽ വരും. ഡിജിറ്റൽ പരസ്യ മേഖലയിലെ എല്ലാവർക്കും ‘അഡ്വടൈസർ പെർമിറ്റ്’ ഉണ്ടായിരിക്കണം. ലൈസൻസ് നമ്പർ വ്യക്തമായി സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിച്ചിരിക്കണം. മീഡിയ കൗൺസിലിൽ രജിസ്റ്റർ ചെയ്തതും പെർമിറ്റ് ലഭിച്ചതുമായ അക്കൗണ്ട് വഴിയല്ലാതെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല.
കൗൺസിലിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴി മറ്റേതെങ്കിലും വ്യക്തിയെയോ പാർട്ടിയെയോ പരസ്യം ചെയ്യാൻ അനുവദിക്കുന്നതിനും വിലക്കുണ്ട്. അതോടൊപ്പം മൂന്ന് മാസത്തിനുള്ളിൽ വിസിറ്റർ അഡ്വടൈസർ പെർമിറ്റും നിലവിൽ വരും. അന്താരാഷ്ട്ര തലത്തിലെ സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാർ യു.എ.ഇയിൽ ഉള്ളടക്കം സൃഷ്ടിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കണമെങ്കിൽ ഈ പെർമിറ്റ് ഏടുക്കണം. പുതിയ സംവിധാനത്തിൽ അന്താരാഷ്ട്ര തലത്തിലെ ഇൻഫ്ലുവൻസർമാർക്ക് പ്രവർത്തിക്കുന്നതിന് രാജ്യത്തെ അംഗീകൃത പരസ്യ, ടാലന്‍റ് മാനേജ്മെന്‍റ് ഏജൻസികൾ വഴി രജിസ്റ്റർ ചെയ്യണം.
രാജ്യത്തെ അംഗീകൃത പരസ്യ, ടാലന്റ് ഏജൻസികളുടെ ഔദ്യോഗിക പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിസിറ്റർ അഡ്വടൈസർ പെർമിറ്റിന് മൂന്നു മാസത്തെ കാലാവധിയാണുണ്ടാവുക. ഏതെങ്കിലും വ്യക്തി സ്വന്തമായ ഉൽപന്നങ്ങളോ, സേവനങ്ങളോ സ്വന്തം അക്കൗണ്ട് വഴി പ്രമോട്ട് ചെയ്യുന്നുണ്ടെങ്കിൽ അഡ്വടൈസർ പെർമിറ്റ് വേണ്ടതില്ല. അതോടൊപ്പം വിദ്യാഭ്യാസ, കായിക, സാംസ്കാരിക, ബോധവത്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 18 വയസ്സിന് താഴെയുള്ള വ്യക്തികൾക്കും അനുമതിയുടെ ആവശ്യമില്ല. അഡ്വടൈസർ പെർമിറ്റ് ലഭിച്ചവർ രാജ്യത്തെ മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ പാലിക്കണം. അതോടൊപ്പം നിയമപരമായി അനുമതി ആവശ്യമുള്ള പരസ്യമാണെങ്കിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതരിൽനിന്ന് അനുമതി നേടിയിരിക്കണം.
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ വഴി പണമുണ്ടാക്കുന്ന ഇൻഫ്ലുവൻസർമാർക്ക് രാജ്യത്ത് 2018ൽ ലൈസൻസ് നിർബന്ധമാക്കിയിരുന്നു. നിയമ ലംഘകർക്ക് 5000ദിർഹം വരെ പിഴ ഈ ടാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.