ദുബൈ: മഴ മാറിയതോടെ എമിറേറ്റിലെ പ്രധാന റോഡ് ശൃംഖലകളും പ്രദേശങ്ങളും പൂർവസ്ഥിതി പ്രാപിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മഴയിൽ ഉണ്ടായ ചെറിയ ആഘാതങ്ങളെല്ലാം പരിഹരിച്ചു. പ്രതികൂല കാലാവസ്ഥ നേരിടാൻ ആർ.ടി.എയുടെ 1300 ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 100 എമർജൻസി വാഹനങ്ങൾ, 5,00 വാട്ടർ ടാങ്കറുകൾ, 380ലധികം പമ്പുകൾ എന്നിവയാണ് എമിറേറ്റിലുടനീളം വിന്യസിച്ചിരുന്നത്. മഴയെത്തും മുമ്പ് തന്നെ മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ടിരുന്നതായി ആർ.ടി.എയുടെ റോഡ്സ് ഡയറക്ടർ ഹമദ് അലി അൽ ഷഹി പറഞ്ഞു. നഗരത്തിലെ പ്രധാനപ്പെട്ട 14 ലധികം പ്രദേശങ്ങളിൽ ആർ.ടി.എ നൂതന പരിഹാര മാർഗങ്ങൾ മഴയെത്തും മുമ്പ് നടപ്പിലാക്കിയിരുന്നു. ഡ്രൈനേജുകളുടെ പ്രവേശന കവാടങ്ങൾ വർധിപ്പിക്കുക, ആഴമേറിയ ടണൽ ഡ്രൈനേജ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് താൽകാലികമായ കണക്ഷനുകൾ സ്ഥാപിക്കൽ, ദുബൈ ക്രീക്കിലേക്കും ജലപാതകളിലേക്കും വെള്ളമൊഴുകാനുള്ള പോയിന്‍റുകൾ വർധിപ്പിക്കൽ, അധികമായുള്ള മഴവെള്ളത്തെ വലിച്ചെടുക്കാനും ഡ്രൈനേജ് ശൃംഖലയുടെ സമ്മർദം കുറക്കുന്നതിനുമായി നിരവധി സ്ഥലങ്ങളിൽ താൽകാലിക കുളങ്ങൾ നിലനിർത്തൽ തുടങ്ങിയവ മുൻകരുതൽ നടപടികളിൽ ഉൾപ്പെടും.
കൂടാതെ ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ്, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ്, മറ്റ് സ്വകാര്യ മേഖലകളിലെ പങ്കാളികൾ, റിയൽ എസ്റ്റേറ്റ് മേഖലകൾ എന്നിവരുമായി സഹകരിച്ച് സമഗ്രമായ രക്ഷാ പദ്ധതികളും ആർ.ടി.എ അവതരിപ്പിച്ചിരുന്നു. അതോറിറ്റിയുടെ കൺട്രോൾ സെന്‍ററിലെ സംയുക്ത കമാൻഡ് റൂമുകളിലുടെയാണ് കാലാവസ്ഥ പ്രതികരണ നടപടികൾ ഏകോപിപ്പിച്ചത്. വേഗത്തിലുള്ള തീരുമാനമെടുക്കൽ, ധ്രുത പ്രതികരണ സേനകൾക്ക് നിർദേശം നൽകുന്നതിന് ഡാറ്റകളുടെ വിശകലനം, ബിഗ് ഡാറ്റ വിലയിരുത്തലുകൾ, മുൻ കാലാവസ്ഥാ സംഭവങ്ങളിൽ നിന്നുളള അനുഭവ പാഠങ്ങൾ എന്നിവയ്‌ക്കൊപ്പം എമിറേറ്റിലുടനീളമുള്ള 10,000ത്തിലധികം ക്യാമറകളെയും കേന്ദ്രം ആശ്രയിച്ചിരുന്നുവെന്ന് അൽ ഷെഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.