ദുബൈ: ഇന്ത്യയിൽ സ്വർണ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതോടെ, ഗൾഫ് മേഖലയിലെ സ്വർണ വിപണിയിൽ വൻ മുന്നേറ്റം. കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ യു.എ.ഇ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലെ സ്വർണാഭരണ വിപണിയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് 12 ശതമാനത്തിലധികം ലാഭത്തിൽ ഇപ്പോൾ ഗൾഫിൽ നിന്ന് സ്വർണം വാങ്ങാമെന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഇന്ത്യയിൽ സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചത് ഗൾഫ് വിപണിക്കും പ്രവാസികൾക്കും ഗുണകരമായി. നിക്ഷേപകർക്ക് ഏറെ പ്രിയപ്പെട്ട 24 കാരറ്റ് സ്വർണ ബാറുകൾക്ക് യു.എ.ഇയിൽ വാറ്റ് ഈടാക്കുന്നില്ല. വിനോദസഞ്ചാരികളായി എത്തുന്നവർക്കാകട്ടെ ടാക്സ് ഫ്രീ ഷോപ്പിംഗിന്‍റെ ആനുകൂല്യവും ലഭിക്കും. ഇതിന് പുറമെ, വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കുള്ള ഡ്യൂട്ടി ഫ്രീ പരിധിയും അടുത്തിടെ പരിഷ്കരിച്ചിരുന്നു. ഇതുപ്രകാരം സ്ത്രീകൾക്ക് 40 ഗ്രാം വരെയും, പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണാഭരണങ്ങൾ നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാം. ഇന്ത്യയിൽ തിരുവ ഉയർത്തിയതിന് പിന്നാലെ പ്രവാസികൾ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് സ്വർണം വാങ്ങുന്നത്. ഇത് വലിയ കുതിപ്പാണ് മേഖലയിലെ സ്വർണ വിപണിയിൽ രേഖപ്പെടുത്തുന്നത്.
ഇറക്കുമതി തീരുവ ഉയർന്നതോടെ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വിദേശ ഡിസൈനുകൾ ലഭ്യമാകാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ, ജി.സി.സി രാജ്യങ്ങളിൽ ഈ പ്രശ്നമില്ല. ഇതും ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, ഇറക്കുമതി തീരുവ വർധിപ്പിച്ചത് സ്വർണ കള്ളക്കടത്ത് വർധിപ്പിക്കുമോ എന്ന ആശങ്കയും വ്യാപകമാണ്. ഇന്ത്യയിലെ ഇറക്കുമതി നികുതി ഘടനയിലെ പുതിയ മാറ്റം മൂലം ഗൾഫ് നാടുകളിലെ നിരക്കിലെ അന്തരം കൂടുതൽ പേരെ കള്ളക്കടത്ത് വഴി സ്വർണം കൊണ്ടുപോകുന്നതിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.