ദുബൈ: ബലി പെരുന്നാളിന് മുന്നോടിയായി ദുബൈയിലെ വിവിധ രാജ്യക്കാരായ 836 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഉത്തരവിട്ടു. തടവുകാരെ മോചിപ്പിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ ഉത്തരവ്, അവരുടെ കുടുംബങ്ങളിൽ സന്തോഷം എത്തിക്കാനുള്ള അദ്ദേഹത്തിന്റെ താല്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ അറ്റോർണി ജനറൽ ചാൻസലർ ഇസ്സാം ഈസാ അൽ ഹുമൈദാൻ പറഞ്ഞു.
തടവുകാർക്ക് പുതുജീവിതം ആരംഭിക്കാനും സമൂഹത്തിലേക്ക് തിരികെയെത്താനുമുള്ള അവസരം നൽകുന്നതിനു കൂടിയാണിത്. ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമ നടപടികൾ ദുബൈ പൊലീസുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ചതായും അൽ ഹുമൈദാൻ അറിയിച്ചു. ബലി പെരുന്നാളിന് മുന്നോടിയായി റാസൽഖൈമയിൽ 443 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു. മാപ്പ് നൽകുന്നതിനുള്ള നിബന്ധനകൾ പൂർത്തിയാക്കിയ തടവുകാരെയാണ് മോചിപ്പിക്കുന്നത്.
അനുഗൃഹീത നാളുകളിൽ തടവുകാരുടെ കുടുംബങ്ങളിലും കുട്ടികളിലും സന്തോഷം എത്തിക്കുന്നതിനുള്ള ശൈഖ് സഊദിന്‍റെ പ്രതിബദ്ധതയാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നതെന്ന് റാസൽഖൈമ എമിറേറ്റ് അറ്റോർണി ജനറൽ കൗൺസിലർ ഹസൻ സഈദ് മുഹൈമിദ് പറഞ്ഞു. ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ നിരവധി തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.