തട്ടിപ്പ്: സുരക്ഷ ശക്തമാക്കാൻ ബാങ്കുകൾക്ക് നിർദേശം

ദുബൈ: ഡിജിറ്റൽ തട്ടിപ്പ് ഭീഷണികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആന്‍റി ഫ്രോഡ് സെന്റർ ആരംഭിച്ച്​ സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ). രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ തട്ടിപ്പുകൾക്കെതിരെയുള്ള ഉപഭോക്തൃ സംരക്ഷണ നടപടികൾ ശക്തമാക്കണമെന്ന്​ സി.ബി.യു.എ.ഇ നിർദേശിച്ചു. വൺ-ടൈം പാസ്‌വേഡ് (ഒ.ടി.പി) പോലുള്ള സിംഗിൾ ഫാക്ടർ വെരിഫിക്കേഷൻ രീതികൾക്ക് അപ്പുറമുള്ള സുരക്ഷാ പരിശോധനകൾ വർധിപ്പിക്കണം.

തട്ടിപ്പുകൾ തത്സമയം നിരീക്ഷിക്കുന്നതിനും ഇത്തരം സംഭവങ്ങളിൽ ഉടനടി നടപടിയെടുക്കുന്നതിനും സഹായിക്കുന്ന കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നതിനാണ്​ ‘ആന്‍റി-ഫ്രോഡ് ഓപറേഷൻസ് സെന്റർ' (സി.എ.എഫ്​.ഒ.സി) തുടങ്ങിയതെന്ന്​ സെൻട്രൽ ബാങ്ക് അറിയിച്ചു. വർധിച്ചുവരുന്ന സങ്കീർണമായ ഡിജിറ്റൽ തട്ടിപ്പ് ഭീഷണികൾ കണക്കിലെടുത്ത്, സുരക്ഷാ പരിശോധനകൾ ശക്തമാക്കാനാണ്​ നിർദേശം.

എസ്.എം.എസ് വഴിയുള്ള വൺ-ടൈം പാസ്‌വേഡുകളെ അമിതമായി ആശ്രയിക്കുന്നത് കുറക്കണം. അത്യാധുനിക ട്രാക്കിങ്​, അനലിറ്റിക്കൽ ടൂളുകൾ, കാര്യക്ഷമമായ പ്രവർത്തന സംവിധാനങ്ങൾ, ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട അധികാരികളുമായും ഉള്ള ഏകോപനം എന്നിവയെ ആശ്രയിച്ചായിരിക്കും ആന്‍റി-ഫ്രോഡ് ഓപറേഷൻസ് സെന്ററിന്‍റ പ്രവർത്തനം. തട്ടിപ്പ്​ സൂചനകളും രീതികളും ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. തട്ടിപ്പ് സാധ്യത വിലയിരുത്തുന്നതിനുള്ള ഡാറ്റ ശേഖരിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്​തമാക്കുകയും ചെയ്യുമെന്ന്​ സെൻട്രൽ ബാങ്ക് അറിയിച്ചു. യു.എ.ഇയുടെ സാമ്പത്തിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റവും ഡിജിറ്റൽ ബാങ്കിങ്​, ഇലക്ട്രോണിക് പെയ്​​മെന്‍റ്​ സേവനങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗവും കണക്കിലെടുത്താണ്​ നടപടി.

Tags:    
News Summary - Fraud: Banks instructed to strengthen security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.