അബൂദബി: തലസ്ഥാന നഗരത്തിലെ ഒരു പെട്രോൾ പമ്പിൽ ജോലിക്കാരനായി ഒരു സ്വദേശി യുവാവിനെ കണ്ടാൽ സംശയിക്കണ്ട. ഫിലിപ്പിനോ - തെക്കനേഷ്യൻ യുവാക്കൾ സാധാരണയായി ചെയ്തുവരുന്ന തൊഴിൽ മേഖലയിലേക്ക് അറബ് പൗരൻമാരും എത്തിയതൊന്നുമല്ല. മര്യാദ പഠിക്കാൻ കോടതി പറഞ്ഞയച്ചതാണ് കക്ഷിയെ. റോഡുകളിൽ സകല മര്യാദയും ലംഘിച്ച് വാഹനങ്ങൾ ചറപറ പായിക്കുന്നവരെ മൃഗശാല ശുചീകരണത്തിന് നിയോഗിക്കാൻ നിർദേശിച്ച യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പാത പിൻപറ്റിയാണ് അൽ ദഫ്രയിലെ കോടതി ശിക്ഷ വിധിച്ചത്. നാല് ഇമറാത്തി യുവാക്കളും മറ്റൊരു ജി.സി.സി രാജ്യത്തെ പൗരനുമാണ് അപകടകരമായി വാഹനമോടിച്ചതിന് വിചാരണ നേരിട്ടത്.
രണ്ടു പേരോട് പാർക്കുകൾ ശുചീകരിക്കുന്ന ചുമതല നിർവഹിക്കാൻ നിർദേശിച്ചപ്പോൾ രണ്ടു പേരെ റോഡുകളും തെരുവുകളും ശുദ്ധിയാക്കാൻ നിയോഗിച്ചു. ഒരാൾക്ക് പമ്പിൽ പെട്രോൾ അടിക്കുന്ന ജോലി നൽകി.
രണ്ടുപേർ ബോധപൂർവം പരസ്പരം വാഹനങ്ങൾ ഇടിപ്പിച്ച് റോഡിലൂടെ നീങ്ങിയതാണ് ഒരു കുറ്റം, മറ്റൊരു കേസിൽ ലൈസൻസ് ഇല്ലാത്ത യുവാവിന് വാഹനം ഒാടിക്കാൻ നൽകിയതിനാണ് ശിക്ഷ. ഇയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻറ് ചെയ്തിട്ടുമുണ്ട്. നമ്പർ പ്ലേറ്റില്ലാത്ത വാഹനം കനത്ത ശബ്ദമുണ്ടാക്കി ഒാടിച്ച് നാട്ടുകാർക്ക് ശല്യമുണ്ടാക്കിയതാണ് ഒരു പ്രതിയുടെ കുറ്റം. സാമൂഹിക സേവനത്തിനു പുറമെ ഇയാൾക്ക് 500 ദിർഹം പിഴയും ചുമത്തി. ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കി.
സ്വന്തം ജീവിതത്തിനോ മറ്റുള്ളവരുടെ ജീവനോ അപകടം വരുത്താത്ത രീതിയിൽ മാന്യമായി വാഹനമോടിക്കാൻ ശീലിക്കണെമന്ന് അബൂദബി അറ്റോണി ജനറൽ അലി മുഹമ്മദ് അൽ ബലൂഷി യുവജനങ്ങളോട് ആഹ്വാനം ചെയ്തു. അവധിക്കാലത്ത് യുവജനങ്ങൾക്കെതിരായ ഇത്തരം പരാതികൾ വർധിക്കുകയാണ്. രക്ഷിതാക്കൾ മക്കളോട് അശ്രദ്ധമായി വാഹനമോടിക്കുന്നതിെൻറ അപകടവും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിെൻറ ആവശ്യവും പറഞ്ഞ് ബോധ്യപ്പെടുത്തണം.
യുവജനങ്ങളുടെ മനസിൽ പരിവർത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക സേവനത്തിന് നിയോഗിക്കുന്നത്. പിഴയോ ആറു മാസത്തിൽ കുറവ് തടവോ മാത്രം ശിക്ഷ വിധിച്ചിരുന്ന കുറ്റങ്ങൾക്കാണ് ഇപ്പോൾ ഇത്തരം ചുമതല നൽകുന്നത്. എന്നാൽ സാമൂഹിക സേവനം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ എത്തും. തടവു ശിക്ഷ അനുഭവിക്കേണ്ടിയും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.