അബൂദബി: അറബ് ജനതയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അടുത്തറിയാൻ അബൂദബിയിൽ വീണ്ടും അരങ്ങൊരുങ്ങുന്നു. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃകസംരക്ഷണ പ്രദര്‍ശനമായ അബൂദബി ഇന്റര്‍നാഷനല്‍ ഹണ്ടിങ് ആൻഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷന് (അഡിഹെക്സ് 2024) ആഗസ്റ്റ് 31 മുതല്‍ സപ്തംബർ എട്ടുവരെയാണ് അരങ്ങേറുക. അഡിഹെക്സിന്റെ 21ാമത് എഡിഷനാണ് അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുക. ഫാൽക്കൺറി, വേട്ടയാടൽ, ഷൂട്ടിങ്, കടൽ വേട്ട, കുതിരസവാരി, ഔട്ട്ഡോർ വിനോദം അടക്കം 13 വ്യത്യസ്ത സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഏറ്റവും നൂതന സാങ്കേതികവിദ്യകളും പുത്തൻ ട്രെൻഡുകളും എക്സിബിഷനുകളായി ഉണ്ടാവും.
പ്രൊഫഷണൽ ഫാൽക്കണർമാരുടെയും കുതിരപ്പടയാളികളുടെയും അസാധാരണമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന ആവേശകരമായ ഷോകൾ മേളക്ക് കൊഴുപ്പേകും. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ, രുചികരമായ വിഭവങ്ങൾ എന്നിവയും മേളയുടെ പ്രത്യേകതയാണ്.
44ലധികം രാജ്യങ്ങളില്‍ നിന്നായി 680ല്‍ കൂടുതൽ ലോകോത്തര ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശം 65,000 ചതുരശ്ര മീറ്ററിലാണ് അഡ്നെകില്‍ ഒരുക്കുക. പ്രദര്‍ശകരുടെ എണ്ണം, സന്ദര്‍ശകരുടെ എണ്ണം, രാജ്യങ്ങള്‍, പ്രദര്‍ശന സ്ഥലത്തിന്റെ വലിപ്പം, പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ തുടങ്ങി എല്ലാ വിധത്തിലും ബൃഹത്തായ പ്രദര്‍ശനമായിരിക്കുമിത്. വേട്ട, കുതിരയോട്ടം, മറ്റ് പരമ്പരാഗത കായിക പരിപാടികള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് സജ്ജീകരിക്കുക. ഫാല്‍ക്കണുകള്‍, കുതിരകള്‍, ഒട്ടകങ്ങള്‍, സലൂകി എന്നിവയുടെ ലേലവും സൗന്ദര്യ മല്‍സരവും പ്രദര്‍ശനത്തില്‍ അരങ്ങേറും.
വേട്ടയാടല്‍, ക്യാമ്പിങ്, ക്യാമ്പിങ് ഉപകരണങ്ങള്‍, വേട്ടയാടുന്നതിനുള്ള തോക്കുകള്‍, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക പൈതൃകം, മല്‍സ്യബന്ധന ഉപകരണങ്ങള്‍, മറൈന്‍ സ്പോര്‍ട്സ് തുടങ്ങിയ വിവിധ മേഖലകളിലായാണ് അഡിഹെക്സ് പ്രദര്‍ശനം ശ്രദ്ധയൂന്നിയിരിക്കുന്നത്.
ഭരണാധികാരിയുടെ അല്‍ ദഫ്റ മേഖലയിലെ പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തിലാണ് അഡിഹെക്സ്-2024 അരങ്ങേറുന്നത്. സന്ദര്‍ശകര്‍ക്കായി 200ലധികം പരിപാടികള്‍ പ്രദര്‍ശന ഹാളുകളില്‍ സംഘടിപ്പിക്കുന്നുണ്ട്. സാംസ്കാരിക, പൈതൃക, കലാ മല്‍സരങ്ങളിലെ ജേതാക്കള്‍ക്കായി 64 പുരസ്കാരങ്ങളാണ് സംഘാടകര്‍ കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.