ഉപയോക്താക്കളെ ഓർമിപ്പിച്ചുകൊണ്ട് ജി.ഡി.ആർ.എഫ്.എ പുറത്തിറക്കിയ ബ്രോഷർ
ദുബൈ: വിസ അപേക്ഷയിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ). ചിലർ ഇക്കാര്യത്തിൽ ഇപ്പോഴും അശ്രദ്ധ വരുത്തുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. അവ്യക്തമായ വിവരങ്ങൾ നൽകുന്നത് വിസ നടപടിക്രമങ്ങൾക്ക് കാലതാമസം വരുത്തും. ശരിയായതും കൃത്യമായതുമായ വിവരങ്ങൾ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ദുബൈയിൽ ആമർ സെന്‍ററുകൾ വഴിയോ വകുപ്പിന്‍റെ സ്മാർട്ട് ചാനലുകൾ വഴിയോ എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്‍റിലേക്ക് സമർപ്പിക്കുന്ന സേവന അപേക്ഷകളിൽ വ്യക്തി വിവരങ്ങൾ, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ, പേരുകളിലെ അക്ഷരങ്ങൾ എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം. അപേക്ഷയിൻമേലുള്ള നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാൽ, അപേക്ഷിച്ച വിവരങ്ങൾ ശരിയാണെന്ന് സേവനം തേടുന്നവർ ശ്രദ്ധിക്കണം.
ഏറ്റവും വേഗത്തിലാണ് ദുബൈയിൽ വിസ നടപടികൾ പൂർത്തിയാക്കുന്നത്. ഉപയോക്താക്കൾക്ക് എപ്പോഴും സന്തോഷകരമായ സേവനങ്ങൾ നൽകാനാണ് ജനറൽ ഡയറക്ടറേറ്റ് ശ്രദ്ധിക്കുന്നതെന്ന് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. എന്നാൽ, ഉപയോക്താക്കൾ നൽകുന്ന തെറ്റായ വിവരങ്ങൾ കാരണം ചില സമയങ്ങളിൽ അപേക്ഷകൾക്ക് മേൽ നടപടികൾക്ക് കാലതാമസം വരുന്നുണ്ട്. അതിനാൽ, അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും, അപേക്ഷിച്ചത് ശരിയായാണെന്ന് വീണ്ടും വീണ്ടും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.