ഫ്രാന്‍സിലെ ആഗോള ഗതാഗത സമ്മേളനത്തില്‍ പങ്കെടുത്ത് അബൂദബി പൊലീസ്

അബൂദബി: റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും സ്മാര്‍ട്ട് ഗതാഗത രംഗത്തെ ആഗോള മുന്നേറ്റങ്ങള്‍ കണ്ടറിയാനുമായി ഫ്രാന്‍സില്‍ നടന്ന ‘ലോക ഗതാഗത ഗവേഷണ ഉച്ചകോടി’യില്‍ (ഡബ്ല്യൂ.സി.ടി.ആര്‍. 2026) പങ്കാളികളായി അബൂദബി പൊലീസും സംയോജിത ഗതാഗത കേന്ദ്രവും (ഐ.ടി.സി.). പൊലീസിങ് പ്രവര്‍ത്തനങ്ങളും റോഡ് സുരക്ഷയും പൊതുസേവനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് അബൂദബി പൊലീസ് സംഘം ആഗോള സമ്മേളനത്തില്‍ പങ്കെടുത്തത്. റോഡ് സുരക്ഷ, ഗതാഗത മേഖലയിലെ പുതിയ മുന്നേറ്റങ്ങള്‍ എന്നിവ ആസ്പദമാക്കിയുള്ള ശാസ്ത്രീയ പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും സാങ്കേതിക പ്രദര്‍ശനങ്ങളും പ്രതിനിധി സംഘം വിലയിരുത്തി. ഭാവി ഗതാഗത നയങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും ഡാറ്റാധിഷ്ഠിത മാര്‍ഗങ്ങളിലൂടെ ട്രാഫിക് സുരക്ഷ ഉറപ്പാക്കാനുമുള്ള അത്യാധുനിക അക്കാദമിക് പരീക്ഷണങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഗവേഷകരും പങ്കെടുത്ത ചടങ്ങില്‍ സ്മാര്‍ട്ട് ഗതാഗത ആസൂത്രണത്തെക്കുറിച്ചും പുതിയ ട്രെന്‍ഡുകളെ കുറിച്ചും ചർച്ച നടന്നു.

ആഗോളതലത്തിലെ മികച്ച മാതൃകകള്‍ മനസിലാക്കാനും അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉറപ്പാക്കാനും ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ സഹായകരമാണെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി.

സാങ്കേതികവിദ്യയും നവീകരണങ്ങളും പ്രയോജനപ്പെടുത്തി ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്ന അബൂദബി പൊലീസിന്റെ 'സ്മാര്‍ട്ട് റോഡ് സേഫ്റ്റി' എന്ന ലക്ഷ്യത്തിന് ഇത്തരം ആഗോള കൂട്ടായ്മകള്‍ വേഗം കൂട്ടും. എമിറേറ്റില്‍ സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത ശൃംഖല വികസിപ്പിക്കാനുള്ള വിഷന്‍ 2030ന്റെ ഭാഗം കൂടിയാണ് ഈ ഇടപെടലുകള്‍.

Tags:    
News Summary - Abu Dhabi Police participated in the Global Transport Conference in France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.