ഇലക്ട്രിക് ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി അബൂദബി പൊലീസ്

അബൂദബി: യു.എ.ഇയിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമായി ഇലക്ട്രിക് ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കായി അബൂദബി പൊലീസ് കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലൂടെയാണ് പൊലീസ് ബോധവല്‍ക്കരണ നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.

ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റ്, ക്‌നീപാഡ്, എല്‍ബോ പാഡ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായും ധരിക്കണം. സൈക്കിളുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകള്‍ മാത്രം യാത്രക്കായി ഉപയോഗിക്കേണ്ടതും പ്രധാന മോട്ടോര്‍ വാഹന റോഡുകള്‍ ഒഴിവാക്കി ട്രാഫിക് ദിശക്ക് അനുകൂലമായി മാത്രം സഞ്ചരിക്കേണ്ടതുമാണ്. നിശ്ചിത വേഗപരിധി കൃത്യമായി പാലിക്കുകയും ട്രാഫിക് സിഗ്‌നലുകളും റോഡ് അടയാളങ്ങളും അനുസരിക്കുകയും വേണം.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും ഒന്നിലധികം ആളുകള്‍ ഒന്നിച്ച് യാത്ര ചെയ്യാനോ അമിത ഭാരം കയറ്റാനോ പാടില്ല. ശ്രദ്ധ തിരിയാതിരിക്കാൻ യാത്രയിലുടനീളം മൊബൈല്‍ ഫോണുകളുടെയും ഇയര്‍ബഡുകളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം.

യാത്ര പുറപ്പെടുന്നതിന് മുന്‍പ് ബ്രേക്ക്, ടയറുകള്‍, ലൈറ്റുകള്‍ എന്നിവ പരിശോധിച്ച് വാഹനം നല്ല അവസ്ഥയിലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാല്‍നടയാത്രക്കാര്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണമെന്നും റോഡുകളിലെ അപകടകരമായ രീതിയിലുള്ള മറികടക്കലുകളില്‍ നിന്നും അഭ്യാസപ്രകടനങ്ങളില്‍ നിന്നും യാത്രക്കാര്‍ പിന്തിരിയണമെന്നും അബൂദബി പൊലീസ് നിര്‍ദേശിച്ചു.

Tags:    
News Summary - Abu Dhabi Police issue strict safety guidelines for electric bike and scooter riders.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.