ഏറ്റവും വലിയ കെട്ടിട നിർമാണ കരാർ ദുബൈ ഹോൾഡിങ്ങിന് പുതിയ ആസ്ഥാനം; 500 കോടി ദിർഹമിന്‍റെ കെട്ടിട പദ്ധതി

ദുബൈ: 500 കോടി ദിർഹം ചെലവിൽ ദുബൈയിൽ പുതിയ ഐക്കോണിക് കെട്ടിടം നിർമിക്കാൻ കരാറായി. ദുബൈ ഹോൾഡിങ്ങിന്‍റെ പുതിയ ആസ്ഥാനവും, ഇരട്ട റെസിഡൻഷ്യൽ ടവറും നിർമിക്കാൻ ചൈനീസ് കമ്പനിക്കാണ് കരാർ നൽകിയത്. ദുബൈയിൽ ഇതുവരെ കെട്ടിടത്തിന് നിർമാണത്തിനായി ഒന്നിച്ച് നൽകുന്ന ഏറ്റവും വലിയ കരാറാണിത്.

ദുബൈ നഗരത്തിലെ പ്രശസ്തമായ എമിറേറ്റ്​സ് ടവേഴ്സിന് അരികിലായാണ് ദുബൈ ഹോൾഡിങ്ങിന്‍റെ പുതിയ ആസ്ഥാനവും, ജുമൈറ റെസിഡൻസ് എമിറേറ്റ്സ് ടവേഴ്സ് എന്ന ഇരട്ട താമസ സമുച്ചയവും നിർമിക്കുന്നത്. ഇതിനായി ചൈനീസ് കമ്പനിയായ ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിങ് കോർപറേഷൻ മിഡിലീസ്റ്റിനാണ് ദുബൈ ഹോൾഡിങ് കരാർ നൽകിയത്. 500 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2029ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്​.

ദുബൈ നഗരത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്ന വിധം ദുബൈ ഹോൾഡിങ്ങിന്‍റെ പുതിയ ആസ്ഥാനം ഒരുക്കുന്നതിനൊപ്പം, 754 ആഡംബര താമസ യൂനിറ്റുകളാണ് ജുമൈറ റെഡിസൻസ് എമിറേറ്റ്സ് ടവേഴ്സിൽ ഒരുക്കുക. ദുബൈ ഹോൾഡിങ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യമന്ത്രി മുഹമ്മദ് ബിൻ ഹാദി ആൽഹുസൈനി, ചൈന കോൺസുൽ ജനറൽ ഊ ബൂഖിയാൻ, ദുബൈ ഹോൾഡിങ് സി.ഇ.ഒ അമിത കൗശൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

Tags:    
News Summary - Dubai Holding wins largest building contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.