പുതുതായി നിയമിതരായ അംബാസഡർമാർ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം
യു.എ.ഇ അംബാസഡർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
അബൂദബി: പുതുതായി നിയമിതരായ യു.എ.ഇ അംബാസഡർമാർ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് അബൂദബിയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
ആഗോളതലത്തിൽ പരസ്പര സഹകരണവും സൗഹൃദവും ശക്തമാക്കാൻ പുതിയ അംബാസഡർമാർക്ക് സാധിക്കട്ടെയെന്ന് ചടങ്ങിൽ സംസാരിച്ച യു.എ.ഇ പ്രസിഡന്‍റ് ആശംസിച്ചു. അതത് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, പങ്കാളിത്ത രാജ്യങ്ങളുടെയും യു.എ.ഇയുടെയും പൊതുവായ താല്പര്യങ്ങളും സുസ്ഥിര വികസനവും മുൻനിർത്തി പ്രവർത്തിക്കുന്നതിനും നയതന്ത്ര പ്രതിനിധികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
ജോർദാൻ, ടോഗോ, ഹംഗറി, റുവാണ്ട, ഗയാന, താജിക്കിസ്ഥാൻ എന്നീ ആറു രാജ്യങ്ങളിലേക്കുള്ള പുതിയ അംബാസഡർമാരാണ് ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. സുൽത്താൻ മുഹമ്മദ് സയീദ് അൽ ശംസി (ജോർദാൻ), ഘാനം ഈസ അഹമ്മദ് അൽ ഫലാഹി (ടോഗോ), റാശിദ് അബ്ദുല്ല ഇബ്രാഹിം അൽ തനീജി (ഹംഗറി) എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ഇവർക്ക് പുറമെ അലി ഈസ മുസ്ബ അൽ സഅബി (റുവാണ്ട), മുഹന്നദ് സുലൈമാൻ അബ്ദുല്ല അൽ നഖ്ബി (ഗയാന), നാസർ ഹുവൈതൻ തിബാൻ അൽ കത്ബി (താജിക്കിസ്ഥാൻ) എന്നിവരും രാജ്യത്തിന്‍റെ നയതന്ത്ര ചുമതലകൾ ഏറ്റെടുത്ത് സത്യപ്രതിജ്ഞ ചെയ്തു.
പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഫോർ സ്പെഷൽ അഫയേഴ്സ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, വിദേശകാര്യ സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ ആൽ നഹ്യാൻ തുടങ്ങി നിരവധി ഭരണാധികാരികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.