നാദ് അൽ ശെബ മാളിൽ ദുബൈ പൊലീസ്​ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനത്തിൽനിന്ന്​

‘യുവർ സെക്യൂരിറ്റി, അവർ ഹാപ്പിനസ്’ പ്രദർശനമൊരുക്കി ദുബൈ പൊലീസ്

ദുബൈ: സേവനങ്ങളും കമ്യൂണിറ്റി പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ നാദ് അൽ ശെബ മാളിൽ ദുബൈ പൊലീസ്​ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ‘യുവർ സെക്യൂരിറ്റി, അവർ ഹാപ്പിനസ്’ എന്ന പേരിൽ ജനറൽ ഡിപാർട്​മെന്‍റ്​ ഓഫ് കമ്യൂണിറ്റി ഹാപ്പിനസ് സംഘടിപ്പിക്കുന്ന പ്രദർശനം ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് നടക്കുന്നത്.

കുടുംബ വർഷാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിൽ പൊലീസുകാരുമായി നേരിട്ട് ആശയവിനിമയം നടത്താനും സംശയങ്ങൾ ചോദിക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം, വോളണ്ടിയറിങ്​, പൊലീസിന്‍റെ പാരമ്പര്യം എന്നിവ സമന്വയിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ ഡിപാർട്​മെന്‍റ്​ ഓഫ് കമ്യൂണിറ്റി ഹാപ്പിനസ് ആക്ടിങ്​ ഡയറക്ടർ കേണൽ പ്രൊഫസർ ഡോ. സൗദ് അൽ റുമൈഹി വ്യക്തമാക്കി.

സമൂഹത്തിൽ പോലീസിന്‍റെ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം ദുബൈ പൊലീസിന്‍റെ വോളണ്ടിയർ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് അറിയാനും സൗകര്യമുണ്ട്. കൂടാതെ പൊലീസും പ്രാദേശിക നിവാസികളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന ‘യുവർ നെയ്ബർഹുഡ് പൊലീസ്’ എന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും സന്ദർശകർക്ക് ഇവിടെനിന്ന് ലഭിക്കും.

ദുബൈ പൊലീസ് മ്യൂസിയത്തിൽ നിന്നുള്ള ചരിത്ര പ്രാധാന്യമുള്ള അപൂർവ വസ്തുക്കളുടെ പ്രദർശനമാണ് മറ്റൊരു പ്രധാന ആകർഷണം. കുട്ടികൾക്കായി ‘ഖാലിദ് മാഗസിൻ’ മുഖേന വിവിധ കളികളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്​. കുടുംബത്തോടൊപ്പം വരുന്നവർക്ക് ഈ പ്രദർശനം ഏറെ പ്രയോജനകരമാണ്.

Tags:    
News Summary - Dubai Police presents Your Security Their Happiness exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.