അബൂദബി: മാര്‍ച്ച് മാസത്തിൽ അബൂദബിയിലെ ഹോട്ടലുകള്‍ക്ക് 61.1കോടി ദിര്‍ഹമിന്റെ വരുമാനം. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററുമായി സഹകരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റൂം ബുക്കിങ്ങിലൂടെ 34.5കോടി ദിര്‍ഹമും ഭക്ഷണ, പാനീയ വിൽപനയിലൂടെ 22.8കോടി ദിര്‍ഹമും മറ്റ് ഇനങ്ങളിലൂടെ 3.8കോടി ദിര്‍ഹമുമാണ് ഹോട്ടല്‍ മേഖല സ്വരൂപിച്ചത്.
4,17,000 അതിഥികളാണ് മാര്‍ച്ചില്‍ മാത്രം അബൂദബിയിലെ ഹോട്ടലുകളിലെത്തിയതെന്നും ഇത് എമിറേറ്റിന് ആഗോളതലത്തിലുള്ള സ്വീകാര്യതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 171 ഹോട്ടലുകളിലെ 34,000 മുറികളാണ് അതിഥികളെ സ്വീകരിച്ചത്. അറബ് ഇതര ഏഷ്യക്കാരാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്(1.52ലക്ഷം). 1.23ലക്ഷം സന്ദര്‍ശകരുമായി യൂറോപ്പ് രണ്ടാം സ്ഥാനത്തും 58,000 സന്ദര്‍ശകരുമായി യു.എ.ഇ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
2025ന്റെ ആദ്യ പാദത്തില്‍ സാംസ്കാരിക, വിനോദസഞ്ചാര മേഖലയില്‍ അബൂദബി മികച്ച വളര്‍ച്ച കൈവരിച്ചതിന്റെ വിവരങ്ങള്‍ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ആദ്യ മൂന്നു മാസത്തില്‍ 14 ലക്ഷം സന്ദര്‍ശകരാണ് അബൂദബിയിലെത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെത്തിയ സഞ്ചാരികളേക്കാള്‍ കൂടുതല്‍ പേര് ഈ വര്‍ഷം എമിറേറ്റില്‍ എത്തി.
ആദ്യ മൂന്നുമാസത്തില്‍ വിനോദസഞ്ചാരികളുടെ വരവിലൂടെ എമിറേറ്റിലെ ഹോട്ടലുകള്‍ 230 ദിര്‍ഹമിന്റെ വരുമാനം നേടി. മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിനേതിനേക്കാള് 18 ശതമാനം അധികമാണ് ഇത്. 2025ല്‍ വിനോദസഞ്ചാര മേഖലയില്‍ നിന്ന് ദേശീയ സാമ്പത്തികരംഗത്തിന് 62ശതകോടി ദിര്‍ഹം സംഭാവന ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നതിന്റെ പ്രാരംഭ സൂചനയാണ് ഈ വളര്‍ച്ച നല്‍കുന്നത്.
അബൂദബിയെ സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള ശ്രമങ്ങള്‍ വ്യക്തമായ ഫലം നല്‍കുന്നുവെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അണ്ടര്‍ സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹുസ്നി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം ഒരുക്കി സഅദിയാത്ത് സാംസ്കാരിക ജില്ലയില്‍ പുതുതായി തുറന്ന ടീംലാബ് ഫിനോമിന അബൂദബി വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയെ ഏറെ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.