അബൂദബി: ദര്‍ബ് ടോള്‍ സംവിധാനത്തിൽ വരുത്തിയ സമയമാറ്റം സെപ്റ്റംബർ ഒന്ന് മുതല്‍ പ്രാബല്യത്തിലാവും. തിങ്കളാഴ്ച മുതൽ വൈകുന്നേരങ്ങളിൽ നാല് മണിക്കൂറായിരിക്കും ചുങ്കം ഈടാക്കുക. നേരത്തെ രണ്ട് മണിക്കൂർ മാത്രമാണ് വൈകുന്നേരം ടോൾ നൽകേണ്ടിയിരുന്നത്. അതായത് വൈകുന്നേരം ചുങ്കം ഈടാക്കുന്ന സമയം അഞ്ച് മുതൽ രാത്രി ഏഴുവരെ എന്നത് തിങ്കളാഴ്ച മുതൽ മൂന്നു മുതൽ ഏഴുവരെ എന്നാക്കിയിട്ടുണ്ട്. അതേസമയം നിലവിൽ രാവിലെ ഏഴു മുതല്‍ ഒമ്പത് വരെ എന്ന ടോൾ സമയം തുടരും.
ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ടോളിന് ഇളവുണ്ട്. അതേസമയം, സ്വകാര്യ വാഹനങ്ങളുടെ ടോൾ പരിധി എന്ന ആനുകൂല്യം സെപ്റ്റംബർ മുതൽ ഉണ്ടാവില്ല. ഒരു സ്വകാര്യ വാഹനത്തിന് ദിവസം പരമാവധി 16 ദിർഹം, അല്ലെങ്കിൽ മാസത്തിൽ 200 ദിർഹം എന്ന പരിധിയാണ് ഒഴിവാക്കിയത്. ഇതോടെ, ടോൾ ബാധകമായ സമയത്ത് കടന്നുപോകുന്ന ഓരോവട്ടവും നാല് ദിർഹം വീതം വാഹനത്തിൽ നിന്ന് റോഡ് ചുങ്കം ഈടാക്കും.
എന്നാൽ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, സർവീസിൽ നിന്ന് വിരമിച്ചവർ, കുറഞ്ഞവരുമാനക്കാർ എന്നിവർക്കുള്ള ഇളവുകൾ തുടരും. ഒരാളുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിന് 200 ദിര്‍ഹം, രണ്ടാമത്തെ വാഹനത്തിന് 150 ദിര്‍ഹം, മൂന്നാമത്തെ വാഹനത്തിന് 100 ദിര്‍ഹം എന്നിങ്ങനെയായിരുന്നു നേരേത്തെയുണ്ടായിരുന്ന ടോള്‍ നിരക്ക്. ഇതാണ് ഒഴിവാക്കിയത്. ഗതാഗതം സുഗമമാക്കുന്നതിനും പ്രധാന പാതകളിലെ തിരക്ക് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമയ പരിഷ്‌കാരമെന്ന് എ.ഡി മൊബിലിറ്റി അറിയിച്ചു. അതേസമയം ടോള്‍ ഗേറ്റ് വഴി കടന്നുപോവുന്നതിനുള്ള നിരക്ക് നാല് ദിര്‍ഹമായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.