ദുബൈയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലൊന്ന്
ദുബൈ: ബസ് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് എമിറേറ്റിലെ വിവിധ പ്രധാന മേഖലകളിലായി 726 ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). വർഷത്തിൽ ഏകദേശം 19.2 കോടി യാത്രക്കാർക്ക് ഉപകാരപ്രദമാകും സംവിധാനങ്ങളെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. ചില സ്റ്റോപ്പുകൾ പത്തിൽ കൂടുതൽ ബസ് റൂട്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് യാത്രാസമയം കുറക്കുന്നതിന് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
പദ്ധതി പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ തന്ത്രപ്രധാന നീക്കമാണെന്നും, ദുബൈയെ ലോകത്തിലെ മികച്ച താമസ നഗരങ്ങളിലൊന്നായി ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുകയും കാർബൺ പുറന്തള്ളൽ കുറക്കുകയും ചെയ്യുന്നതിലും ഈ പദ്ധതി സഹായകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ യാത്രക്കാരുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകിയാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സ്ഥാനം തിരഞ്ഞെടുത്തതെന്നും ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ കൂടി പരിഗണിച്ചാണിത് നടപ്പാക്കിയതെന്നും ആർ.ടി.എ അറിയിച്ചു. യാത്രക്കാരുടെ ഉപയോഗം അനുസരിച്ച് ഏഴ് തരത്തിലുള്ള മോഡലുകളിലായി സ്റ്റോപ്പുകൾ വിഭജിച്ചിട്ടുണ്ട്. ദിവസേന 750ൽ കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന മെയിൻ സ്റ്റോപ്പുകൾ, 250 മുതൽ 750 യാത്രക്കാരുള്ള സെക്കൻഡറി, 100 മുതൽ 250വരെ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്, 100ൽ താഴെ മാത്രം ഉപയോഗിക്കുന്ന പിക്കപ്പ്-ഡ്രോപ്പ് സ്റ്റോപ്പുകൾ എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്. മെയിൻ സ്റ്റോപ്പുകളിൽ എയർ കണ്ടീഷൻ ചെയ്ത ഭാഗങ്ങൾ, ഷേഡ് ഏരിയകൾ, പരസ്യ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബസ് നെറ്റ്‌വർക്ക് മാപ്പുകൾ, ടൈംടേബിൾ, സർവീസ് ഫ്രീക്വൻസി തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകളും സജ്ജീകരിച്ചിട്ടുണ്ട്. ദുബൈ യൂനിവേഴ്സൽ ഡിസൈൻ കോഡ് പ്രകാരം രൂപകൽപന ചെയ്തിരിക്കുന്ന ഈ ഷെൽട്ടറുകളിൽ വീൽചെയർ ഉപയോക്താക്കൾക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.