ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും
ഷാർജ: 44ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽനിന്ന് ഏറ്റവും പുതിയ പുസ്തകങ്ങൾ ലൈബ്രറികളിലേക്ക് വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഫണ്ട് അനുവദിച്ച് ഉത്തരവിട്ടത്. എല്ലാ വർഷവും പുസ്തക മേളയോട് അനുബന്ധിച്ച് ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങാനായി ഫണ്ട് അനുവദിക്കാറുണ്ട്. ഇത്തവണ മേളയിൽ 118 രാജ്യങ്ങളിൽനിന്നായി 2350 പ്രസാധകരുടെ ആയിരക്കണക്കിന് പുസ്തകങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. സാഹിത്യം, ശാസ്ത്രം തുടങ്ങി വ്യത്യസ്ത വൈജ്ഞാനിക മേഖലകളിൽനിന്നായി അറബിക് ഭാഷയിലും മറ്റു വിദേശ ഭാഷകളിലുമുള്ള പുസ്തകങ്ങൾ ഇവയിൽ ഉൾപ്പെടും.
പ്രസാധക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വായനക്കാർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും ഏറ്റവും പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുകയുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. തലമുറകളെ രൂപപ്പെടുത്താനും അറിവ് അടിസ്ഥാനമാക്കി പുരോഗതി കൈവരിക്കാനും സഹായിക്കുന്ന ലൈബ്രറികളുടെ പരിവർത്തന ശക്തിയിലുള്ള ശൈഖ് സുൽത്താന്റെ ആഴത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് ലോകമെമ്പാടുമുള്ള പുതിയ പ്രസിദ്ധീകരണങ്ങൾ ലൈബ്രറികളിലെത്തിക്കുന്നതിനുള്ള ശ്രമമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന പുസ്തകമേള ഷാർജ എക്സ്പോ സെന്ററിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിൽ ഒന്നായ പുസ്തകമേളയിൽ 66 രാജ്യങ്ങളിൽനിന്നുള്ള 250ലധികം എഴുത്തുകാർ, കലാകാരന്മാർ, ചിന്തകർ എന്നിവർ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.