ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആർ.ടി.എ ഉദ്യോഗസ്ഥർ
ദുബൈ: കഴിഞ്ഞ വർഷം ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) ജീവകാരുണ്യ സംരംഭത്തിൽ ഗുണഭേക്താക്കളായത് 2.94 കോടി പേർ. പ്രാദേശിക, ആഗോളതലത്തിലായി ആർ.ടി.എ നടത്തിയ 63 സംരംഭങ്ങളിലൂടെയാണ് ഇത്രയും പേർക്ക് സഹായം ലഭിച്ചത്. പാവപ്പെട്ട കുടുംബങ്ങൾ, അനാഥർ, യു.എ.ഇയിലെ നിശ്ചയദാർഢ്യ വിഭാഗങ്ങൾ, രാജ്യാന്തര തലത്തിൽ പ്രതിസന്ധികൾ നേരിടുന്ന ജനവിഭാഗങ്ങൾ എന്നിവർക്കായി നടത്തിയ മാനുഷിക ആശ്വാസ സഹായങ്ങൾ ഇതിൽ ഉൾപ്പെടും. അമ്മമാരെ ആദരിക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച മദേഴ്സ് എൻഡോവ്മെന്റിലെ പങ്കാളിത്തത്തിലുടെ ആർ.ടി.എ ഇതുവരെ 2.9 കോടി പേർക്ക് സഹായമെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്തുണ്ടായ കാലാവസ്ഥ ദുരന്തങ്ങളിൽ അകപ്പെട്ടവർക്ക് മെട്രോ സ്റ്റേഷനുകൾ കേന്ദ്രീരിച്ച് ആർ.ടി.എ ഭക്ഷണ വിതരണവും നടത്തിയിരുന്നു. തുടക്കത്തിൽ 1,800 പേർക്കും പിന്നീട് ഇത് 3,300 പേരിലേക്കും വ്യാപിപ്പിച്ചു.
കൂടാതെ രാജ്യാന്തര തലത്തിൽ യു.എ.ഇ വിത്ത് യു, ലബനാൻ എന്ന പേരിൽ എമിറേറ്റ്സ് റെഡ് ക്രസന്റുമായി ചേർന്ന് വിവിധ ആശ്വാസ പ്രവർത്തനങ്ങളും ആർ.ടി.എ ഏറ്റെടുത്തു നടത്തിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രസന്റ് ആരംഭിച്ച വാട്ടർ റിലീഫ് സംരംഭത്തിലും ആർ.ടി.എ പങ്കാളികളാണ്. ഈ സംരംഭം പിന്നീട് ദുബൈ ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡ് ജേതാക്കൾക്കുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കും വ്യാപിപ്പിച്ചു.
അതോടൊപ്പം കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിലും ആർ.ടി.എ പങ്കാളികളാണ്.സംസ്കാരം, അറിവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ സംരംഭത്തിലൂടെ 5,000 പേർക്ക് ഗുണകരമായി. നിശ്ചയാർഢ്യ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി നടത്തിയ 4,000 പേർക്കും ഉപകാരപ്പെട്ടതായി ആർ.ടി.എ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.