ദുബൈ: ദുബൈയിൽ ഈ വർഷം പുതിയതായി സ്വകാര്യ സ്കൂളിൽ ചേർന്നത് 3.26 ലക്ഷം കുട്ടികളാണെന്ന് കണക്ക്. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (കെ.എച്ച്.ഡി.എ) കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അധ്യയനവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനം വളർച്ച ഈ വർഷം രേഖപ്പെടുത്തി. ദുബൈയിലെ താമസക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതിന്റെയും കുടുംബങ്ങൾ കൂടുതലായി ഇവിടേക്ക് എത്തുന്നതിന്റെയും തെളിവാണിതെന്ന് കണക്കാക്കുന്നു.
പത്ത് വർഷത്തിനിടെ 94 പുതിയ സ്കൂളുകളാണ് ദുബൈയിൽ തുടങ്ങിയത്. ഇതിൽ 21 എണ്ണവും മൂന്ന് വർഷത്തിനിടെ സ്ഥാപിച്ചതാണ്. ഈ വർഷം മാത്രം നാല് സ്കൂളുകൾ തുടങ്ങി. ഏപ്രിലിൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നത് ബ്രിട്ടീഷ് കരിക്കുലമാണ് (35 ശതമാനം).
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ കരിക്കുലം തിരഞ്ഞെടുത്തത് 26 ശതമാനം കുട്ടികളാണ്. മലയാളി വിദ്യാർഥികളിൽ ഭൂരിപക്ഷവും ഇന്ത്യൻ കരിക്കുലം സ്കൂളിലാണ് പഠിക്കുന്നത്. 16 ശതമാനം കുട്ടികളാണ് യു.എസ് കരിക്കുലത്തിനെ ആശ്രയിക്കുന്നത്. 187 രാജ്യങ്ങളിലെ കുട്ടികളാണ് സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നത്. ദുബൈയിൽ 18 കരിക്കുലങ്ങളിലായി 215 സ്കൂളുകളുണ്ട്.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസമാണ് ദുബൈയിലേക്ക് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുന്നതെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.