കേന്ദ്ര ബജറ്റിനെ പ്രകീര്‍ത്തിച്ച് വ്യവസായികള്‍

എം.എ.യൂസഫലി 
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍
ലോക സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യയെ സഹായിക്കുന്ന ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ. യൂസുഫലി. ക്ഷേമത്തില്‍ ഊന്നിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിന് പിറകെയത്തെിയ ബജറ്റ് പരിവര്‍ത്തനം സൃഷ്ടിക്കുന്നതാണ്. ഡിജിറ്റല്‍ വിനിമയം ഉറപ്പാക്കുന്നതും പോയിന്‍റ് ഓഫ് സെയില്‍ ഉല്‍പന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നടപടികള്‍ നാണ്യരഹിത വിപണിക്ക് കരുത്തേകുമെന്നാണ് അഭിപ്രായം.  വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ അഞ്ച് പ്രത്യേക സാമ്പത്തിക മേഖലകള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണകരമാകുമെന്നും യൂസുഫലി പറഞ്ഞു.
കൃഷി, വനിതാക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണവികസനം തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ വകയിരുത്തല്‍ ഉറപ്പാക്കിയത് വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കും. വിദേശത്തുനിന്നുള്ള നിക്ഷേപം സംബന്ധിച്ച നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന ധനമന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണെന്നും യൂസുഫലി പറഞ്ഞു. 

ബി.ആര്‍. ഷെട്ടി 
യു.എ.ഇ എക്സ്ചേഞ്ച് ചെയര്‍മാന്‍, എന്‍.എം.സി സി.ഇ.ഒ
ബൃഹത് സാമ്പത്തിക വ്യവസ്ഥ എന്ന നിലയില്‍ മികച്ച ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് യു.എ.ഇ എക്സ്ചേഞ്ച് ചെയര്‍മാനും എന്‍.എം.സി സി.ഇ.ഒയുമായ ബി.ആര്‍. ഷെട്ടി അഭിപ്രായപ്പെട്ടു. റെയില്‍വേയെ മുഖ്യധാരയിലേക്ക് കൊണ്ടുവരും വിധമുള്ള റെയില്‍വേ-കേന്ദ്ര ബജറ്റുകളുടെ ഏകീകരണം കാലത്തിന് അനുസൃതമായ നടപടിയാണ്. രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയിളവ് നല്‍കിയത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കും.
രണ്ട് എ.ഐ.ഐ.എം.എസ് കൂടി സ്ഥാപിക്കുന്നതോടെ ആരോഗ്യരംഗത്തിന് കൂടുതല്‍ പരിഗണന ലഭിക്കുകയും കൂടുതല്‍ പേര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ചികിത്സ ലഭ്യമാവുകയും ചെയ്യും.  2022ഓടെ ഭവനരഹിതര്‍ക്ക് വീട് നല്‍കുമെന്ന പ്രഖ്യാപനം മഹാത്തായ നീക്കമാണെന്നും ബി.ആര്‍. ഷെട്ടി പറഞ്ഞു.

സുധീര്‍ കുമാര്‍ ഷെട്ടി
യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് 
ധനമന്ത്രി അരുണ്‍ ജയറ്റ്ലി അവതരിപ്പിച്ച ബജറ്റിനെ മാറ്റം സാധ്യമാക്കുന്ന ബജറ്റെന്ന് വിശേഷിപ്പിക്കാമെന്ന് യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി. ഡിജിറ്റല്‍ കേന്ദ്രീകൃതമാക്കുന്നതിനാല്‍ വരുമാനം, രാഷ്ട്രീയ ഫണ്ടിങ് എന്നീ തലങ്ങളില്‍ സുതാര്യത വര്‍ധിക്കുകയും സാമ്പത്തിക സംവിധാനത്തെ ശക്തമാക്കുകയും കൂടതല്‍ വരുമാനം കൊണ്ടുവരുകയും ചെയ്യും. 
നികുതി കുറക്കാനുള്ള തീരുമാനം നല്ല ആശയമാണ്. ക്രിയാത്മകവും പുരോഗമനാത്കകവുമായ സമീപനം കാരണം ഭാവിയില്‍ കൂടുതല്‍ നികുതിയിളവ് പ്രതീക്ഷിക്കാമെന്നും സുധീര്‍ കുമാര്‍ ഷെട്ടി അഭിപ്രായപ്പെട്ടു.

ഡോ. ആസാദ് മൂപ്പന്‍
ചെയര്‍മാന്‍,  ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍
ദുബൈ ആദായ നികുതി ഇളവും ജി.ഡി.പി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമുള്‍പ്പെടെ ഗുണകരമായ ചില ഘടകങ്ങളുണ്ടെങ്കിലും ആരോഗ്യം മൗലികാവകാശമാക്കുന്നതിനുതകും വിധം വേണ്ടത്ര ശ്രദ്ധ ആരോഗ്യമേഖലയില്‍ പതിപ്പിച്ചിട്ടില്ല എന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്കെയര്‍ സ്ഥാപക ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ ജനറിക് മരുന്നുകളുടെ ലഭ്യത വ്യാപകമാക്കാനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് ഗുണകരമാവും.  അമ്മമാര്‍ക്ക് ആറായിരം രൂപ നല്‍കുന്നതിന് നവജാത ശിശുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന വ്യവസ്ഥ വെക്കുന്നത് പാവപ്പെട്ട മനുഷ്യര്‍ക്ക് പ്രതിരോധം ഉറപ്പാക്കാന്‍ സഹായകമാവും.  രണ്ട് എയിംസുകള്‍ കൂടി ആരംഭിക്കുന്നതും പി.ജി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതും പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ലഭ്യത വര്‍ധിപ്പിക്കും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ പ്രാഥമിക പരിരക്ഷാ കേന്ദ്രങ്ങള്‍ തുറക്കുന്നതും മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  ആധാര്‍ ബന്ധിത ആരോഗ്യ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതും അടിയന്തിര സാഹചര്യങ്ങളില്‍ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

അദീബ് അഹമ്മദ്  
എംഡി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് 
അരുണ്‍ ജയറ്റ്ലി അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റ് പൊതുവെ സ്വീകാര്യമാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖലയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന ്ഊന്നല്‍ നല്‍കുന്ന ബജറ്റ് നോട്ട് നിരോധനം മൂലമുള്ള താത്കാലിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചുംഅടിസ്ഥാന സൗകര്യ മേഖലയിലെ വന്‍ നിക്ഷേപം വിപണിയിലേക്ക് കൂടുതല്‍ പണം ഒഴുക്കുകയും അതുമൂലം ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവും സമ്പദ് വ്യവസ്ഥയില്‍ അഭിവൃദ്ധിയും ഉണ്ടാക്കും.   
ഡിജിറ്റല്‍ ഇടപാടുകളെ  കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള നടപടികളും ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ ഇടയില്‍ മുന്‍പന്തിയിലേക്കത്തൊനുള്ള ഉറച്ചകാല്‍വെയ്പ്പാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

കെ.വി.ഷംസുദ്ദീന്‍
പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ്  ചെയര്‍മാന്‍
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യത്തിനും കാര്‍ഷിക വികസനത്തിനും തൊഴില്‍ മേഖലക്കും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ്  ചെയര്‍മാന്‍ കെ.വി.ഷംസുദ്ദീന്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട്  കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ജനസംഖ്യയിലെ 65 ശതമാനം പേര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ദിവസം 130 കി.മീ റോഡ് പണിയുമെന്ന പ്രഖ്യാപനം ഇന്ത്യയുടെ മുഖം പര്യാപ്തമാണ്.  ചുരുങ്ങിയ പ്രത്യക്ഷ നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ചു ശ്തമാനമാക്കിയത് ചെറുകിട നികുതിദായകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വലിയ ആശ്വാസമാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.