അബൂദബി ടാക്സികളില്‍ വൈഫൈ വരുന്നു;  വിമാനത്താവള ടാക്സികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്

അബൂദബി: തലസ്ഥാന നഗരിയിലെ ടാക്സി സേവനം കൂടുതല്‍ സ്മാര്‍ട്ടാകുന്നു. ടാക്സികളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടാക്സി നിരക്കുകള്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ നല്‍കിയുമാണ് സെന്‍റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നത്. 
വൈഫൈ സംവിധാനത്തോടെ ടാക്സി സര്‍വീസ് നടത്തുന്നതിന്‍െറ ആദ്യ ഘട്ടത്തിന് തുടക്കമായിട്ടുണ്ട്. ഏഴ് സീറ്റുള്ള അഞ്ച് മെഴ്സിഡസ് ബെന്‍സ് സില്‍വര്‍ ടാക്സികളിലാണ് ആദ്യ ഘട്ടത്തില്‍ വൈഫൈ സംവിധാനം ലഭ്യമാക്കിയത്. അധിക നിരക്ക് ഈടാക്കാതെ തന്നെ ഈ സേവനം യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകും. 
കൂടുതല്‍ വാഹനങ്ങളിലേക്ക് വൈഫൈ സേവനം വൈകാതെ വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം എയര്‍പോര്‍ട്ട് ടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ ഇനി കൈയില്‍ പണമില്ലാത്തതിനാല്‍ പ്രയാസപ്പെടേണ്ടി വരില്ല. ഈ ടാക്സികളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. 
വിമാനത്താവളത്തിലും മറ്റും വന്നിറങ്ങുന്ന വിദേശികള്‍ അടക്കമുള്ളവര്‍ കൈയില്‍ പണമില്ലാത്തതിന്‍െറ പേരില്‍ പ്രയാസം അനുഭവിക്കുന്നത് ഒഴിവാക്കുന്നതിനായാണ് നടപടി. 
അതേസമയം, അബൂദബിയില്‍ ടാക്സി നിരക്കുകള്‍ കൂട്ടുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഇത്തരം ഒരു നീക്കവും ഇല്ളെന്നും അധികൃതര്‍ അറിയിച്ചു. അബൂദബിയിലെ നാല് മാളുകളില്‍ ആരംഭിച്ച ‘എല്ലാ സില്‍വര്‍ ടാക്സികള്‍ക്കും ഒരേ നിരക്ക്’ എന്ന പ്രചാരണ പരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 270 മെഴ്സിഡസ് വിറ്റോ ടാക്സികള്‍ കൂടി നിരത്തിലിറക്കുന്നതിന്‍െറ ഭാഗമായാണ് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന് കാമ്പയിന്‍ ആരംഭിച്ചത്. ടാക്സികളില്‍ കുട്ടികളുടെ സുരക്ഷാ സീറ്റുകളും ഉള്‍പ്പെടുത്തുന്നുണ്ട്.  ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും പ്രായമായവര്‍ക്കും യാത്രാ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്ന ഇലക്ട്രോണിക് ഡിവൈസ് കാര്‍ഡുകളും സെന്‍റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് നല്‍കുന്നുണ്ട്. 
വിവാഹമോചിതരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും ഈ കാര്‍ഡ് ഉപയോഗിച്ച് 60 ശതമാനം നിരക്ക് ഇളവും ലഭിക്കും.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.