'ദേര തീപ്പിടിത്തം: ഇരകള്‍ കൂടുതലും ഫിലിപ്പീന്‍ സ്വദേശികള്‍

ദുബൈ: ദേരയില്‍ താമസകെട്ടിടത്തിലുണ്ടായ തീപ്പിടിത്തം ഏറെ ബാധിച്ചത് ഫിലിപ്പീന്‍സ് സ്വദേശികളെ. 150 ലേറെ ഫിലിപ്പീന്‍സുകാരുടെ ഫ്ളാറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും തീപിടിത്തത്തില്‍ പുര്‍ണമായും നശിച്ചതായി ഫിലിപ്പീന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആര്‍ക്കും അപായമോ പരിക്കോ ഉണ്ടായിട്ടില്ളെന്ന് ദുബൈ പൊലീസ് അറിയിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദുബൈ മെട്രോ പച്ചവരിപ്പാതയിലുടെയുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. ഏതാനും ഇന്ത്യക്കാര്‍ ഇവിടെ താമസിച്ചിരുന്നതായും ഇവരുടെ കമ്പനി ബദല്‍ താമസം ഏര്‍പ്പെടുത്തിയതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഓഫീസുകളില്‍ മലയാളി ജീവനക്കാര്‍ ഉണ്ടെന്നല്ലാതെ താമസക്കാരില്‍ മലയാളികള്‍ ഇല്ളെന്നാണ് ലഭ്യമായ വിവരം.
ദേര മുറാഖാബാദ് പൊലീസ് സ്റ്റേഷനുസമീപം സലാഹുദ്ദീന്‍ സ്ട്രീറ്റിലെ അല്‍ ശംസി കെട്ടിടത്തിലാണ് തിങ്കളാഴ്ച വൈകിട്ട് 5.40 ഓടെ തീ ആളിപ്പടര്‍ന്നത്. അഞ്ചുനില കെട്ടിടത്തിന്‍െറ മൂന്നു ബ്ളോക്കുകളില്‍ നിന്നും കനത്ത കാറ്റില്‍ ആളിക്കത്തിയ തീ രാത്രി പത്തരയോടെയാണ് പൂര്‍ണമായും നിയന്ത്രണവിധേയമായത്.
അപകടത്തില്‍ നാശം സംഭവിച്ചവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഫിലിപ്പീന്‍സ് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇവരുടെ പേരു വിവരം ശേഖരിച്ചിട്ടുണ്ട്. പലരുടെയും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കത്തിനശിച്ചു. ഭൂരിഭാഗം പേര്‍ക്കും അടിയന്തരമായി താമസസ്ഥലം വേണം. ഇവര്‍ക്ക് താമസിക്കാന്‍ തല്‍ക്കാലം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപ്പിടിച്ച കെട്ടിടത്തില്‍ ഉടനെയൊന്നും താമസക്കാര്‍ക്ക് തിരിച്ചുചെല്ലാന്‍ പറ്റാത്ത അവസ്ഥയാണ്. അതേസമയം അപകടത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് എല്ലാ സഹായവും നഷ്ടപരിഹാരവും നല്‍കുമെന്ന് കെട്ടിട ഉടമ അറിയിച്ചിട്ടുണ്ട്്. കെട്ടിടത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലായിരുന്നെന്നാണ് അറിയുന്നത്. ദുബൈയിലെ ഭൂ ചട്ടമനുസരിച്ച് ഇരകള്‍ക്ക് സഹായം നല്‍കുമെന്ന് കെട്ടിട ഉടമയുടെ വക്താവ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപത്തെ ഹോട്ടലുകളില്‍ ഇരകള്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 
മൂന്നു ബ്ളോക്കുകളിലായി 48 മൂന്നു മുറി അപാര്‍ട്ട്മെന്‍റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. മൂന്നു ബ്ളോക്കിന്‍െറയും മുന്‍ഭാഗം തീര്‍ത്തും നശിച്ചിട്ടുണ്ട്. 24 അപാര്‍ട്ട്മെന്‍റുകള്‍ പുര്‍ണമായും കത്തിയമര്‍ന്നതായി ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. പിന്‍ഭാഗത്ത് പുറമെ നിന്നു നോക്കുമ്പോള്‍ കാര്യമായ പരിക്കൊന്നും കാണാനില്ളെങ്കിലും അകത്തെ സ്ഥിതി എന്താണെന്ന് സംബന്ധിച്ച് ദുബൈ സിവില്‍ ഡിഫന്‍സിന്‍െറ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. തീപ്പിടിത്തത്തിന്‍െറ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.