ഷാര്‍ജ: നഗരവല്‍ക്കരണമാണ് നമ്മെ നശിപ്പിക്കുന്നതെന്ന് എഴുത്തുകാരനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ.ഡി.ബാബുപോള്‍. സ്വാര്‍ഥതയും മത്സരവുമാണ് എങ്ങും കാണാന്‍ കഴിയുന്നതെന്നും ഷാര്‍ജ പുസ്തകോത്സവത്തില്‍ സദസ്സിനോട് സംവദിക്കവെ അദ്ദേഹം പറഞ്ഞു. ലോകം ഒന്നായതോടെ മനുഷ്യന്‍ പലതായി മാറി. വൈദ്യുതിയും വെള്ളവും യഥേഷ്ടം ലഭിക്കുകയും ഫ്ളാറ്റുകളില്‍ ജീവിക്കുകയും ചെയ്യുന്നതല്ല നഗരവല്‍ക്കരണം. മനസിലുണ്ടാകുന്ന മാറ്റമാണ്.
എലിപ്പത്തായങ്ങളില്‍ ഉറങ്ങുന്നവരായി നാം മാറി. നമുക്ക് നന്മ വരണമെന്ന ആഗ്രഹത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് നന്മ ഉണ്ടാകരുതെന്ന ദുഷ്ടചിന്തയാണ് മിക്കവര്‍ക്കും. മുമ്പൊക്കെ കുട്ടികള്‍ വളരുകയായിരുന്നെങ്കില്‍ ഇന്ന് വളര്‍ത്തുകയാണ്. സ്വാര്‍ഥതയെ അതിജീവിക്കാനുള്ള മനസ്സ് ഉണ്ടാവണം. ആത്മാര്‍ഥമായ ഈശ്വര വിശ്വാസവും അക്ഷരങ്ങളോടുള്ള സ്നേഹവുമാണ് അതിനുള്ള വഴിയെന്ന് ബാബുപോള്‍ പറഞ്ഞു.
മലയാള ഭാഷ മരിക്കുന്നു എന്ന് കരുതുന്നില്ല. സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും ആ ഭാഷയില്‍ പുതുതായ ഒന്നും സംഭവിക്കാത്ത അവസ്ഥയും വരുമ്പോഴാണ് ഭാഷക്ക് മരണം സംഭവിക്കുക. എന്നാല്‍ മലയാളത്തില്‍ ഇപ്പോള്‍ പുതിയ വാക്കുകളും അര്‍ഥങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തനിക്ക് ജോലികിട്ടിയപ്പോള്‍ പണി കിട്ടി എന്നാണ് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ പണികിട്ടി എന്നതിന് വേറെ അര്‍ഥമാണ്. പണ്ട് അടിച്ചുപൊളിക്കുക എന്നതിന് തല്ലിപ്പൊളിക്കുക എന്ന അര്‍ഥമായിരുന്നെങ്കില്‍ ഇന്ന് അര്‍ഥം വേറെയാണ്. ഭാഷ മാറിക്കൊണ്ടിരിക്കുന്ന; എന്നതാണ് സത്യം. മാറുന്നത് ജീവനുള്ളതിന്‍െറ ലക്ഷണമാണ്.
വായന ഇല്ലാതാകുന്നു എന്നു പറയുന്നതിലും കാര്യമില്ല. വെറും സാധാരണ എഴുത്തുകാരനായ താന്‍ ഇപ്പോഴും പുസ്തകങ്ങളുടെ റോയല്‍റ്റി കൊണ്ടാണ് ജീവിക്കുന്നത്. ഏതു കുട്ടികള്‍ക്കും പുസ്തകം പ്രസിദ്ധീകരിക്കാനാവുന്ന കാലമാണിത്-ബാബുപോള്‍ പറഞ്ഞു. ജീവിതത്തില്‍ നടന്ന എല്ലാ കാര്യവും താന്‍ എഴുതിയിട്ടില്ളെന്നും അതിന് സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. സഭാ ജീവിതവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ പുസ്തകമാക്കിയാല്‍ മെത്രാന്‍മാര്‍ തന്നെ ജീവനോടെ കുഴിച്ചുമൂടും. എല്ലാവര്‍ക്കുമുള്ള മൗലികാവകാശം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കില്ല എന്ന കാര്യം മറന്നതാണ് വിവാദത്തില്‍പ്പെട്ട ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് പറ്റിയത്. സര്‍ക്കാരില്‍ സ്വന്തം അഭിപ്രായം പറയാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ധാരാളം അവസരമുണ്ട്. പക്ഷെ അത് പത്രക്കാരോട് ആകരുത്. അങ്ങനെ പറയണമെന്നുണ്ടെങ്കില്‍ രാജി വെക്കണം. ഭരണനേതാക്കള്‍ക്കുള്ള സാമാന്യബുദ്ധി ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നില്ല.ജനങ്ങള്‍ തെരഞ്ഞെടുത്തവരെ ബഹുമാനിക്കണം.
ഇടതുപക്ഷത്തിന് അപചയം സംഭവിക്കുകയും ബി.ജെ.പി ന്യൂനപക്ഷങ്ങളെകൂടി ഉള്‍ക്കൊള്ളാനാകും വിധത്തില്‍ സഹിഷ്ണുതയും വിശാല വീക്ഷണവും കാണിച്ചാല്‍ 2026 ല്‍ ബി.ജെ.പി അധികാരത്തിലത്തൊന്‍ സാധ്യതയുണ്ടെന്നാണ് താന്‍ ഒരു വാരികയോട് പറഞ്ഞത്. ഒരുപാട് കാര്യങ്ങള്‍ ഒത്തുവന്നാലേ ആ സാധ്യതയുള്ളൂ. കേരളത്തിലെ ഹിന്ദു സമൂഹം വിശാല മനസ്കരാണ്.കേരളത്തിലേക്ക് മറ്റു മതങ്ങള്‍ വന്നത് സമാധാനമാര്‍ഗത്തിലൂടെയാണ്. ഇതെല്ലാം ബി.ജെ.പി തിരിച്ചറിയണം- ബാബുപോള്‍ പറഞ്ഞു. രശ്മി രഞ്ജന്‍ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.