ദുബൈ: ദുബൈയിൽ ഓൺലൈൻ ലേലത്തിലൂടെ 150 പ്രീമിയം നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. സ്വകാര്യ വാഹനങ്ങൾ, ക്ലാസിക് വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവക്കായുള്ള 3, 4, 5 അക്കങ്ങളുള്ള ആകർഷകമായ പ്ലേറ്റുകളാണ് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) 83-ാമത് ലേലത്തിൽ വരുന്നത്. ‘എ’ മുതൽ ‘ഇസഡ്’ വരെ വിവിധ ജനപ്രിയ കോഡുകളിലുള്ള നമ്പറുകൾ ഇതിലുണ്ട്. ലേലത്തിൽ വിൽക്കുന്ന എല്ലാ നമ്പർ പ്ലേറ്റുകൾക്കും 5 ശതമാനം വാറ്റ് ബാധകമായിരിക്കും.
ലേലത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ജൂലൈ 20ന് ആരംഭിക്കും. പ്രധാന ലേല നടപടികൾ ജൂലൈ 27ന് തുടങ്ങി അഞ്ച് ദിവസത്തേക്ക് മാത്രമായിരിക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബൈയിൽ ഒരു ട്രാഫിക് ഫയൽ ഉണ്ടായിരിക്കണം.
ലേലത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി തിരികെ ലഭിക്കാത്ത പ്രവേശന ഫീസായി 120 ദിർഹവും, ആർ.ടി.എയുടെ പേരിൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി 5,000 ദിർഹത്തിന്റെ ചെക്കും സമർപ്പിക്കേണ്ടതുണ്ട്. ഉമ്മു റമൂൽ, അൽ ബർശ, ദേര എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി നേരിട്ടോ, ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.rta.ae) വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഈ തുക അടക്കാം.
ലേലത്തിൽ വിജയിക്കുന്നവർ ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ബാക്കി തുക അടച്ചുതീർക്കണം. 50,000 ദിർഹം വരെയുള്ള തുകകൾ നേരിട്ട് കറൻസിയായി അടക്കാമെങ്കിലും, അതിനു മുകളിലുള്ള തുകകൾക്ക് സർട്ടിഫൈഡ് ചെക്കോ ക്രെഡിറ്റ് കാർഡോ ഉപയോഗിക്കേണ്ടതുണ്ട്. ഈ പണമിടപാടുകൾ ഓൺലൈൻ വഴിയോ, ആർ.ടി.എ സെന്ററുകൾ വഴിയോ, അംഗീകൃത സേവന കേന്ദ്രങ്ങൾ വഴിയോ പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.